‘മുഖ്യമന്ത്രിയായിരിക്കെ ജപ്പാൻകാരുമായി അടുത്ത ബന്ധം’: ജപ്പാൻ പത്രത്തിൽ മോദിയുടെ ലേഖനം

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം ഊന്നിപ്പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി മോദി വിശദീകരിച്ചത്. ഇന്ത്യ–ജപ്പാൻ ബന്ധത്തെക്കുറിച്ചു ജപ്പാനിലെ പ്രമുഖ പത്രത്തിലെ എഡിറ്റോറിയൽ പേജിൽ മോദിയുടെ ലേഖനം പ്രസിദ്ധീകരിച്ചു.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനാണു മോദി ടോക്കിയോയിൽ എത്തിയത്. ‘ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം അതിവേഗമാണു വളരുന്നത്. പരിശീലനം, ആശയവിനിമയം, പ്രതിരോധ സാമഗ്രികളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ ബന്ധം ശക്തമാണ്. സൈബർ, സ്പേസ്, ആഴക്കടൽ മേഖലകളിലും സഹകരിക്കുന്നു. ഇന്തോ–പസിഫിക്കിലെ തന്ത്രപ്രധാന ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ, മേഖലയുടെ സ്ഥിരതയും സുരക്ഷയും തീരുമാനിക്കുന്ന സുപ്രധാന തൂണുകളാണ് ഇരുരാജ്യങ്ങളും. അതിനാലാണ് നമ്മുടെ സഹകരണം വൈവിധ്യങ്ങളോടെ വികസിക്കുന്നത്’– ലേഖനത്തിൽ മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യ–ജപ്പാൻ സഹകരണം കോവിഡാനന്തര ലോകത്തിനു നിർണായകമാണ്. ഇരു രാജ്യങ്ങൾക്കും ജനാധിപത്യ മൂല്യങ്ങളോടു പ്രതിബന്ധതയുണ്ടെന്നും മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ജപ്പാനിലെ ജനങ്ങളുമായി സ്ഥിരമായി ഇടപെടാൻ സാധിച്ചിരുന്നെന്നു മോദി ഓർമിച്ചു. ജപ്പാന്റെ വികസനം മാതൃകാപരമാണെന്നും കൂട്ടിച്ചേർത്തു. ‘ഹർ ഹർ മോദി’, ‘വന്ദേമാതരം’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണു മോദിയെ ടോക്കിയോയിൽ വരവേറ്റത്.