പരസ്പര സഹകരണം വര്‍ധിപ്പിക്കും; യു.എസ്.– ദക്ഷിണ കൊറിയ സംയുക്ത പ്രസ്താവന

ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുമെന്ന് യു.എസ്.– ദക്ഷിണ കൊറിയ സംയുക്ത പ്രസ്താവന. മേഖലയിലെ സംയുക്ത സൈനികാഭ്യാസം വര്‍ധിപ്പിക്കുന്നതടക്കം പരിഗണിക്കുമെന്ന്  യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും പറഞ്ഞു. സിയോളില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പ്രതികരണം.

യു.എസ്. പ്രസിഡന്റായ ശേഷം  ആദ്യമായി ദക്ഷിണ കൊറിയയിലെത്തിയ ജോ ബൈഡനും പ്രസിഡന്റായി ചുമതലയേറ്റെടുത്ത് ആഴ്ചകള്‍ മാത്രം പിന്നിടുന്ന യൂന്‍ സുക് യോളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണിയാണ് പ്രധാനമായും ചര്‍ച്ചയായത്്. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികള്‍ ലോകത്തിനുതന്നെ ഭീഷണിയാണെന്ന് വിലയിരുത്തിയ നേതാക്കള്‍ തുടര്‍ച്ചയായുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ചു. 

സംയുക്ത സൈനികാഭ്യാസം വര്‍ധിപ്പിക്കുന്നതിനൊപ്പം ആവശ്യമെങ്കില്‍ ദക്ഷിണ കൊറിയയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങളും മിസൈലുകളും വിന്യസിക്കുമെന്നും യു.എസ്. പ്രസിഡന്റ് ബൈഡന്‍ മുന്നറിയിപ്പു നല്‍കി. അതേസമയം ദക്ഷിണ കൊറിയ ആണവായുധ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയാറായാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു. കോവിഡ് പടര്‍ന്നുപിടിക്കുന്ന ഉത്തര കൊറിയയ്ക്ക് വാക്സീന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. മാനുഷികമായ എല്ലാ സഹായങ്ങളും വാഗാദനം ചെയ്തതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റും വ്യക്തമാക്കി. .