2996 പേരുടെ മായാത്ത ഒാർമകൾ; കണ്ണീരിൽ കുതിർന്ന ആദരവ് അർപ്പിച്ച് അമേരിക്ക

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ ആക്രമണം നടന്ന ഇടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തുകയാണ്. സ്മാരകങ്ങളില്‍ ഒത്തുചേര്‍ന്ന് മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തക്കളും ആദരമര്‍പ്പിച്ചു

ലോവര്‍ മാന്‍ഹട്ടനിലെ സെപ്റ്റംബര്‍ 11 സ്മാരകം,  ആ 2996 പേരുകള്‍ അവര്‍ ഉച്ചത്തില്‍ വിളിച്ചു.  വിളി കേള്‍ക്കില്ല എന്നറിഞ്ഞിട്ടും. രണ്ട് പതിറ്റാണ്ട് പിന്നിലേക്ക് ഓര്‍മകള്‍ മടങ്ങി. ലോകത്തെ നടുക്കിയ ആ നിമിഷം വീണ്ടും കണ്ണുകളില്‍ മിന്നിമറഞ്ഞു. അത് കണ്ണീരായി, ആദരമായി. 

പ്രസിഡന്റ് ജോ ബൈഡനും മുന്‍പ്രസിഡന്റുമാരായ ബരാക് ഒബാമയും ബില്‍ക്ലിന്റണും ന്യൂയോര്‍ക്കിലെ സ്മാരകത്തില്‍ ആദരമര്‍പ്പിക്കാനെത്തി

8.46, വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത് ടവറില്‍ ഭീകരര്‍ ആദ്യവിമാനം ഇടിച്ചിറക്കിയ സമയം.... മാന്‍ഹട്ടലിനെ സ്മാരകത്തില്‍ ഒത്തുചേര്‍ന്നവര്‍ ഒരു നിമിഷം മൗനമാചരിച്ചു. .... സൗത്ത് ടവറില്‍ വിമാനമിടിച്ച 9.03 ന് വീണ്ടും മൗനംകൊണ്ട് ആദരം.  

പിന്നാലെ ഓര്‍മപ്പൂക്കളുമായി ബ്രൂസ് സ്പ്രിംങ്സ്റ്റീന്റെ സംഗീതം പെയ്തിറങ്ങി. 

പ്രതിരോധ ആസ്താനമായ പെന്റഗണിലെ ചടങ്ങില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പെന്‍സില്‍വാനിയയിലെ ഷാങ്സ്‍വില്ലെയില്‍, മരിച്ച ഓരോരുത്തരുടേയും പേരുകള്‍ ചൊല്ലി മണിമുഴക്കി.

വൈസ് പ്രസിഡന്റ് കമല ഹാരിസും ഭീകരാക്രമണം നടന്ന സമയത്തെ പ്രസി‍ഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷും പെന്‍സില്‍വാനിയയിലെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു.