ഇരട്ടസഹോദരിയെ ആക്രമിച്ച കൂറ്റൻ മുതലയെ ഇടിച്ചൊതുക്കി യുവതി; കയ്യടിച്ച് ലോകം

അവധി ആഘോഷിക്കുന്നതിനിടെ മെക്സിക്കോയിലെ ഒരു കായലിൽ നീന്താനിറങ്ങിയതാണ് ബ്രിട്ടണിൽ നിന്നുള്ള ഇരട്ട സഹോദരിമാരായ മെലീസയും ജോർജിയയും. എന്നാൽ ഇവരെ കാത്തിരുന്നത് ഒരു വൻ അപകടമാണ്. നീന്തലിനിടെ ഒരു കൂറ്റൻ മുതല മെലീസയെ ആക്രമിക്കുകയായിരുന്നു. 

മെലീസയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതോടെ പരിഭ്രാന്തിയിലായ ജോർജിയ സഹോദരിക്കായി തിരച്ചിൽ തുടങ്ങി. ഏതാനും നിമിഷങ്ങൾക്ക് ശേഷം എങ്ങനെയോ മുതലയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട  മെലീസ അർദ്ധബോധാവസ്ഥയിൽ വെള്ളത്തിന് മുകളിലേക്ക് ഉയർന്നു വന്നു.  ഇതുകണ്ട ഉടൻതന്നെ ജോർജിയ സഹോദരിയുടെ സമീപത്തെത്തി ബോട്ടിന് അരികിലേക്ക് വലിച്ചുകൊണ്ടു പോകാനുള്ള ശ്രമങ്ങൾ തുടങ്ങി.

എന്നാൽ കിട്ടിയ ഇരയെ വിട്ടുകൊടുക്കാൻ മുതലയ്ക്കും ഭാവമുണ്ടായിരുന്നില്ല. സഹോദരിയെയും വലിച്ചു കൊണ്ട് ജോർജിയ നീങ്ങുന്നതിനിടെ വെള്ളത്തിനടിയിൽ നിന്നും മുതല വീണ്ടും ഇവരെ ആക്രമിക്കാനെത്തി. രക്ഷപ്പെടാൻ മറ്റൊരു മാർഗവും ഇല്ലാത്തതിനെ തുടർന്ന് ജോർജിയ മുതലയെ തിരിച്ച് ആക്രമിക്കുകയായിരുന്നു. മുഷ്ടി ചുരുട്ടി പലതവണ മുതലയുടെ തലഭാഗത്ത് ഇടിക്കുകയാണ്  ജോർജിയ ചെയ്തത്.

ബോട്ടിന്റെ അരികിലെത്തുന്നതിനിടെ മൂന്നു തവണ മുതല പിന്തുടർന്നു വന്നെങ്കിലും ഇതേ രീതിയിൽ ആക്രമിച്ച് ജോർജിയ അതിനെ മടക്കി അയക്കുകയായിരുന്നു. ഇതിനിടെ ജോർജിയയുടെ കൈകളിൽ സാരമായ പരിക്കുകളും ഏറ്റു. ഇരുവരും നിലവിൽ മെക്സിക്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിൽ  ഒടിവുകൾ ഉണ്ടായതിനു പുറമെ മെലീസയ്ക്ക് ആന്തരിക രക്തസ്രാവവും ശ്വാസകോശത്തിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുമുണ്ട്. മുറിവുകളിൽ  അണുബാധ ഉണ്ടാവാതിരിക്കാൻ ജോർജിയയ്ക്ക്  പ്രത്യേക പരിചരണം നൽകി വരുന്നു.

അതേസമയം സഹോദരിമാർ കണ്ടെത്തിയ  ടൂർ ഗൈഡ് ലൈസൻസില്ലാത്ത വ്യക്തിയായിരുന്നു എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. സംഭവത്തെതുടർന്ന് ഗൈഡ് ഒളിവിലാണ്. ഇരട്ട സഹോദരിമാരുടെ കുടുംബം  ബ്രിട്ടനിലാണുള്ളത്. ഇരുവർക്കും  വേണ്ട സംരക്ഷണവും പരിചരണവും  ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരന്തരം മെക്സിക്കോയിലെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് കുടുംബം.