മിസിസ് ശ്രീലങ്കയുടെ സൗന്ദര്യകിരീടം തട്ടിപ്പറിച്ചു; മിസിസ് വേൾഡ് അറസ്റ്റിൽ

കരലൈൻ ജൂരി,ചൂല പദ്മേന്ദ്ര, പുഷ്പിക ഡിസിൽവ

 കഴിഞ്ഞ ദിവസം നടന്ന മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച മിസിസ് വേൾഡും കൂട്ടാളിയായ ശ്രീലങ്കൻ മോഡലും അറസ്റ്റിൽ. കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേൾഡ് കരലൈൻ ജൂരിയും മോഡൽ ചൂല പദ്മേന്ദ്രയുമാണു മത്സരവേദിക്കു കേടു വരുത്തിയതിന് അറസ്റ്റിലായത്. ജാമ്യത്തിൽ വിട്ടയച്ച ഇരുവരും 19നു കോടതിയിൽ ഹാജരാകണം. 

ഞായറാഴ്ച നടന്ന മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിലാണു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പുഷ്പിക ഡിസിൽവയെ വിധികർത്താക്കൾ ഈ വർഷത്തെ മിസിസ് ശ്രീലങ്ക വേൾഡ് ആയി പ്രഖ്യാപിച്ച് കിരീടധാരണം നടത്തിയതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന കരലൈൻ ജൂരി, പുഷ്പിക വിവാഹമോചനം നേടിയതിനാൽ കിരീടത്തിന് അർഹയല്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന് കരലൈനും ചൂലയും ചേർന്നു പുഷ്പികയുടെ മുടിയിൽ നിന്നു കിരീടം ബലമായി അഴിച്ചുമാറ്റി, ആദ്യ റണ്ണർ അപ്പിനെ അണിയിച്ച് മത്സര ജേതാവായി പ്രഖ്യാപിച്ചു. എന്നാൽ, പുഷ്പിക ഭർത്താവുമായി അകന്നു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയതിനെത്തുടർന്നു സംഘാടകർ മാപ്പു ചോദിക്കുകയും കിരീടം തിരികെ നൽകുകയും ചെയ്തിരുന്നു.