എയർ ഫോഴ്സ് വണ്ണില്‍ കയറുന്നതിനിടെ കാലിടറി ബൈഡന്‍- വിഡിയോ

ഔദ്യോഗിക യാത്രാ വിമാനമായ എയർ ഫോഴ്സ് വണ്ണിലേക്ക് കയറുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മൂന്ന് തവണ കാലിടറി. അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യുഎസിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍ (78), മസാജ് പാർലർ കൂട്ടക്കൊലയുടെ ഭാഗമായി ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറപ്പെടുന്നതിന് മുൻപാണ് കാലിടറി വീഴാനൊരുങ്ങിയത്.

ഇതിനു പിന്നാലെ, പ്രസിഡന്റ് ‘സുഖമായിരിക്കുന്നു’ എന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി മാധ്യമങ്ങളോട് പറഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ‘പ്രസിഡന്റ് ഹാരിസ്’ എന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പരാമർശിച്ചതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ കാലിടറുക കൂടി ചെയ്തിരിക്കുന്നത്.

2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ജോ ബൈഡന്റെ ആരോഗ്യത്തെയും ശാരീരികക്ഷമതയെയും കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബൈഡൻ ശാരീരികമായും മാനസികമായും ‘ഫിറ്റ്’ ആണെന്ന് പകുതിയോളം അമേരിക്കക്കാർക്കും തീർച്ചയില്ല. കഴിഞ്ഞ വർഷം നവംബറിൽ വളർത്തുനായ മേജറിനൊപ്പം കളിക്കുന്നതിനിടെ ബൈഡന് വലതു കാല്‍മുട്ടിന് പൊട്ടലേറ്റിരുന്നു. 

എയർ ഫോഴ്സ് വണ്ണിന്റെ പടിക്കെട്ടിൽ ഇടറിവീഴുന്ന ആദ്യത്തെ പ്രസിഡന്റല്ല ബൈഡൻ. 1975 ൽ ഓസ്ട്രിയയിലെത്തിയ അന്നത്തെ പ്രസിഡന്റ് ജെറാൾഡ് ഫോഡ്‌ എയർ ഫോഴ്സ് വണ്ണിന്റെ പടിയിൽനിന്ന് വീണിരുന്നു.