എൻജിനിലും ചിറകുകളിലും തീ; 241 യാത്രക്കാർ; മരണം കൺമുന്നിൽ; ഒടുവിൽ; വിഡിയോ

വിമാനാപകടങ്ങളുടെ വ്യാപ്തി വിവരണാതീതമാണ്. ഒരിക്കലും സംഭവിക്കരുതെന്നു ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ലോകത്തെ കണ്ണീരിൽ മുക്കി എത്ര ജീവിതങ്ങളാണ് ആകാശത്തു പൊലിഞ്ഞിരിക്കുന്നത്. 

തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങളും വിരളമല്ല. 231 യാത്രക്കാരും 10 ജീവനക്കാരുമായി യുഎസിലെ ഡെൻവറിൽനിന്നു ഹൊണോലുലുവിലേക്ക് പറന്ന വിമാനം ഭാഗ്യം കൊണ്ടു മാത്രമാണ് വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. പറന്നുയർന്നതിനു പിന്നാലെ യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777–200 വിമാനത്തിന്റെ  എൻജിന് തീപിടിക്കുകയായിരുന്നു. വലത്തെ എൻജിനാണ് തകരാറിലായത്. തുടർന്ന് ചിറകുകൾക്കു തീപിടിച്ചു. ഇതോടെ, യാത്രക്കാർ മാത്രമല്ല, ആകാശത്ത് സ്ഫോടനം കണ്ട നഗരവാസികളും പരിഭ്രാന്തരായി. എൻജിന്റെ ഏതാനും ഭാഗങ്ങൾ മൈതാനത്തും റോഡിലും പതിച്ചത് ആശങ്ക‍ വർധിപ്പിച്ചു.

വീടിനു മുകളിൽ പതിക്കാതെ കഷ്ടിച്ചു രക്ഷപ്പെട്ട വിമാനം ഒരു ട്രക്കിനെ തവിടുപൊടിയാക്കി ഒടുവിൽ വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സ്ഫോടന ശബ്ദവും ആകാശത്തെ തീയും കിലോമീറ്ററുകളോളം ദൂരെനിന്നേ ശ്രദ്ധയിൽപെട്ടതായി നഗരവാസികൾ പറഞ്ഞു. എൻജിനെ പൊതിഞ്ഞുള്ള ഫൈബർ ഗ്ലാസ് കവചത്തിന്റെ ഭാഗങ്ങളാണ് താഴേക്കു പതിച്ചതെന്നും അവയിൽ നല്ലപങ്കും അന്തരീക്ഷത്തിൽ തന്നെ കത്തിച്ചാമ്പലായെന്നും അധികൃതർ വിശദീകരിച്ചു. യാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച വിഡിയോ നെഞ്ചിടിപ്പോടെയല്ലാതെ കാണാനാകില്ല.