രക്തബാങ്കിനു മുന്നിൽ അർദ്ധരാത്രിയും ക്യൂ; കോഴിക്കോടൻ നന്മ പങ്കിട്ട് ചാക്കോച്ചൻ

കരിപ്പൂര്‍ വിമാനപകടത്തിന്റെ പശ്ചാത്തലത്തിൽ  കോഴിക്കോട് മെഡിക്കൽ കോളജിലെ രക്തബാങ്കിനു മുന്നിൽ മഴയും അർദ്ധരാത്രിയും നീണ്ട ക്യൂ. വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്നവരുടെ ചിത്രം നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. നിരവധി ആളുകൾ ഈ പോസ്റ്റ് പങ്കുവക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്...

ഇതാണ് കരുതൽ…

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ് – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.