പാക് അണ്വായുധ മിസൈൽ പരീക്ഷണം പാളി; തകർന്ന് വീണത് ജനങ്ങൾക്കിടയിൽ; അബദ്ധം

അണ്വായുധ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിലാണെന്നും ജനങ്ങൾക്ക് പരുക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന ഷഹീൻ–3 ആണ് പാകിസ്ഥാൻ പരീക്ഷിച്ചത്. 2750 കിലോ മീറ്റർ വരെയാണ് ഇതിന്റെ പരിധി. മിസൈൽ വികസിപ്പിച്ചെടുത്തതിന് ശാസ്ത്രജ്ഞരെയും പട്ടാള ജനറൽമാരെയും എഞ്ചിനീയർമാരെയും ഇമ്രാൻഖാനടക്കം അഭിനന്ദിച്ചിരുന്നു.

എന്നാൽ പാക് അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിച്ചാണ് ബലൂചിസ്ഥാനിൽ നിന്നുള്ളവർ ട്വീറ്റ് ചെയ്യുന്നത്. മിസൈൽ പരീക്ഷണം വൻ പരാജയമായിരുന്നുവെന്നും സിവിലിയൻ പ്രദേശത്താണ് പതിച്ചതെന്നും പ്രാദേശിക മാധ്യമങ്ങൾ വിഡിയോ സഹിതം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സേന ഈ പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും ബലൂച് റിപ്പബ്ലിക്കൻ പാർട്ടി ട്വിറ്ററിലൂടെ ആരോപിച്ചു.