കൗതുകമായി 'യന്ത്ര ഗുമസ്തൻമാരായ' ദാഷയും അലക്സും; 600 മനുഷ്യഭാവങ്ങൾ

റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ പൊതുസേവനകേന്ദ്രത്തില്‍ എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുക മനുഷ്യരാവില്ല, റോബോട്ടുകളായിരിക്കും. മിടുമിടുക്കരായ രണ്ട് ഹ്യൂമനോയിഡുകള്‍ 

ഇത് ദാഷയും അലക്സും.മോസ്കോയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു ജനസേവനകേന്ദ്രത്തില്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് ഇവര്‍. കാഴ്ചയിലും പ്രവൃത്തിയിലും പുരുഷ–വനിതാ ഗുമസ്തന്‍മാരെപ്പോലെ രൂപകല്‍പ്പന ചെയ്ത റോബോട്ടുകള്‍. കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറലും സേവനങ്ങള്‍ നല്‍കലുമെല്ലാം ഇനി ഇവരുടെ ജോലിയാണ്.കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇവരുടെ സ്രഷ്ടാക്കളായ പ്രമോബോട്ട് എന്ന കമ്പനിയുടെ ഉദ്ദേശ്യം

മനുഷ്യരല്ലെന്ന് കരുതി സേവനങ്ങളില്‍ കുറവുവരുത്തുമെന്ന് ശങ്കിക്കേണ്ട. വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ പ്രാപ്തിയുള്ളവര്‍ തന്നെയാണ് ദാഷയും അലക്സും.അതുമാത്രമല്ല തങ്ങളുടെ യന്ത്രനിര്‍മിത കണ്ണുകളും പീലികളും പുരികക്കൊടികളുമൊക്കെ ഉപയോഗിച്ച് 600 മനുഷ്യ ഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഇവര്‍ക്കാവും.എന്തായാലും പുതിയ യന്ത്ര ഗുമസ്തന്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് എന്നു തന്നെയാണ് ജനസേവന മേധാവിയുടെയും അഭിപ്രായം.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മോസ്കോയില്‍ തന്നെ മറ്റൊരു ജനസേവനകേന്ദ്രത്തിലും സമാനമായ ഹ്യൂമനോയിഡ് റോബോര്‍ട്ടിനെ പരീക്ഷിച്ചിരുന്നു. ഏതായാലും കോവിഡിനുശേഷം പ്രതിസന്ധി നേരിടുന്ന തൊഴില്‍മേഖലയില്‍ ഇവര്‍ പുതിയ വെല്ലുവിളിയാകുമോയെന്ന്  ഇനി കണ്ടറിയേണ്ടിവരും