കോവിഡ് രോഗികളുമായി ഇടപെടല്‍ വേണ്ട; റോബോട്ടുമായി ഏഴാം ക്ലാസുകാരന്‍

ആരോഗ്യപ്രവർത്തകർ കോവിഡ് രോഗികളുമായി നേരിട്ടിടപഴകുന്നത് ഒഴിവാക്കാൻ റോബോട്ടിനെ കണ്ടുപിടിച്ച് ഔറംഗാബാദിലെ ഏഴാം ക്ലാസ്സുകാരൻ സായി സുരേഷ്. ആരോഗ്യപ്രവർത്തകരുടെ  സുരക്ഷക്ക് വലിയ സംഭാവനയാണ് ഈ കൊച്ചുമിടുക്കന്റെ കണ്ടുപിടുത്തം. അധികൃതരിൽ നിന്നുള്ള അംഗീകാരത്തിന് കാത്തിരിക്കുകയാണ് സായി.  

സായി സുരേഷ് രംഗ്ദൾ എന്ന ഈ പന്ത്രണ്ടു വയസുകാരന്റെ കണ്ടുപിടുത്തം വരുന്നതിനു മുൻപേ ഇറ്റലിയിലാണ് ഇത്തരമൊരു റോബോട്ട് ആദ്യമായ് വരുന്നത്. പേര് ടോമി. കോവിഡ് ബാധിച്ചു അതിതീവ്ര പരിചരണം വേണ്ട രോഗികൾക്ക് ആവശ്യമായ മരുന്ന് എത്തിക്കാനും അത്യാവശ്യം ചെറുപരിശോധനകൾ നടത്താനും ടോമിയെ ഉപയോഗിക്കും. ഓപ്പറേറ്റർ റൂമിനു പുറത്ത് നിന്നാൽ മതി. ആശുപത്രിയിലെത്തുന്നവർക്ക്  സാനിറ്റൈസറും മാസ്കും നല്കുന്നതായിരുന്നു ചെന്നൈയിലുണ്ടാക്കിയ റോബോട്ട്. പക്ഷെ ഒരു ഏഴാം ക്ലാസ്സുകാരൻ ഉണ്ടാക്കിയ റോബോട്ടിനു  പ്രത്യേകത വേറെതന്നെയാണ്. 

ആരോഗ്യ പ്രവർത്തകർക്ക്‌  നഴ്സിംഗ് റൂമിൽ ഇരുന്ന് സ്മാർട്ഫോണിൽ സായിയുടെ  റോബോട്ടിനെ  നിയന്ത്രിക്കാം. മകന്റെ കണ്ടെത്തലിൽ മാതാപിതാക്കൾക്കും നിറഞ്ഞ സന്തോഷം. രോഗ വ്യാപനത്തോത് വളരെവേഗം ഉയരുന്ന മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് സഹായകമാവുന്ന ഈ റോബോട്ടിനു സാദ്ധ്യതകൾ ഏറെയാണ്.