കോവിഡ് രോഗികൾക്കായി ഇനി റോബോട്ടും; മെ‍ഡി. കോളജിന് മോഹന്‍ലാലിന്റെ സംഭാവന

കോവിഡ് രോഗികളെയും ഐസലേഷനില്‍ കഴിയുന്നവരെയും പരിചരിക്കാന്‍ ഇനി റോബോട്ടിന്റെ സഹായവും. കൊച്ചി കളമശേരി മെഡിക്കല്‍ കോളജിലേക്കാണ് ‘കര്‍മ്മിബോട്ട്’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് എത്തുന്നത്. മോഹന്‍ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷനാണ് സംഭാവന ചെയ്തത്. 

ഇതാണ് കര്‍മിബോട്ട് . കോവിഡ് രോഗികള്‍ക്കും ഐസലേഷനില്‍ കഴിയുന്നവര്‍ക്കുമിടയില്‍ കര്‍മനിരതനാവാന്‍ പോവുകയാണ് ഈ യന്ത്രമനുഷ്യന്‍. രോഗികള്‍ക്ക് കൃത്യസമയത്ത് മരുന്നും ഭക്ഷണവും  എത്തിക്കും.  ഐസലേഷന്‍ മുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിക്കും. നിശ്ചിത ഇടവേളകളില്‍ അണുനശീകരണം നടത്തും. വേണ്ടിവന്നാല്‍ ഡോക്ടര്‍ക്ക് രോഗിയുമായി വീഡിയോ കോള്‍ സൗകര്യവുമൊരുക്കും..ആരോഗ്യപ്രവര്‍ത്തകരും രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടൊണ് കര്‍മിബോട്ട് നിര്‍മിച്ചിരിക്കുന്നത്. 

ഒപ്പം വ്യക്തിഗത സുരക്ഷയ്ക്കായുള്ള പിപിഇ കിറ്റുകളുടെ കുറവ്മൂല്ലമുള്ള പ്രതിസന്ധിയും ഒരു പരിധിവരെ പരിഹരിക്കാം. വിശ്വശാന്തി ഫൗണ്ടേഷനുവേണ്ടി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് സ്റ്റാര്‍ട്ടപ്പാണ് കര്‍മ്മിബോട്ട് നിര്‍മിച്ചത്.  റോബോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി. പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന റോബോര്‍ട്ടിന് ഇരുപത്തി അഞ്ച് കിലോ ഭാരംവരെ താങ്ങാന്‍ ശേഷിയുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ മെഡിക്കല്‍ കോളജില്‍ ഇത് ഉപയോഗിച്ചു തുടങ്ങും,.