കര്‍ഷകരെ തുണച്ച് ലില്ലി സിങ്; പ്രതിജ്ഞ ചെയ്ത് കനേഡിയന്‍ യൂട്യൂബർ

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത യൂട്യൂബർ ലില്ലി സിംങ്. ഇന്ത്യൻ വംശജയായ ലില്ലി സിംങ് കോമഡി, ടോക് ഷോ ആങ്കറിങ് രംഗത്ത് ധാരാളം ആരാധകരുള്ള വ്യക്തിയാണ്. ഇന്ത്യയിൽ നടക്കുന്ന വലിയ പ്രക്ഷോഭത്തിലേയ്ക്ക് ശ്രദ്ധ തിരിക്കൂവെന്ന ആഹ്വാനവുമായാണ് 37 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഇവര്‍ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തത്. കാനഡയിൽ താമസമാക്കിയ ലില്ലി സിംങിന്റെ മാതാപിതാക്കൾ പഞ്ചാബിൽ നിന്നുള്ളവരാണ്. കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി താരം പ്രതി‍ജ്ഞയെടുക്കുകയും ചെയ്തു. 

കൂടുതൽ പേരിലേയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ കർഷകസമരം എത്തിക്കാനും ലില്ലി സിംങ് വിഡിയോയിൽ പറയുന്നുണ്ട്. സമാധാനപരമായി സമരം ചെയ്യാൻ എല്ലാവർക്കും അനുവാദമുണ്ട്. അത് നഷ്ടപ്പെടുത്തരുതെന്നും കർഷകർക്ക് പിന്തുണ നൽകണമെന്നും അവരറിയിച്ചു. 

പോസ്റ്റിന് പിന്നാലെ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച് ധാരാളം പേർ കമന്റ് ചെയ്തിട്ടുണ്ട്. അടിസ്ഥാന ശമ്പള നിയമവുമായി ബന്ധപ്പെടുത്തിയും ലില്ലി സിംങിന്റെ പോസ്റ്റിന് താഴെ കമന്റുകൾ വന്നു.