‘നിലവിളിച്ചാൽ വായ്ക്കുള്ളിൽ കയറും ഭീമൻ എലികൾ’; അഴുക്കുചാലിൽ വീണ് യുവാവ്

എലികളുടെ ‘വിഹാര കേന്ദ്രമായ’ അഴുക്കുചാലിൽ അരമണിക്കൂറോളം കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ശനിയാഴ്ചയാണ് ലിയോനർഡ് ഷോൾഡേർസ് എന്ന 33കാരൻ15 അടി താഴ്ചയുള്ള അഴുക്കുചാലിൽ വീണത്.

ബ്രോങ്ക്സിലെ തേർഡ് അവന്യൂവിൽ ബസ് കാത്തുനിൽക്കവെ അവിചാരിതമായി അഴുക്കുചാലിന്റെ മൂടി തനിയെ തുറക്കപ്പെടുകയും ലിയോനാർഡ് താഴേക്കു പതിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ‘ദുരിതം’ അവിടെയും തീർന്നില്ല. ‘വീഴ്ചയേക്കാൾ ഭയാനകരം കുഴിക്കുള്ളിലെ എലികളുടെ കൂട്ടമായിരുന്നുവെന്ന് ലിയോനർഡ് വാർത്താ ഏജൻസിയോട് പറഞ്ഞു.

മുഖത്തിനും കാലിനും തോളുകൾക്കും സാരമായി പരുക്കേറ്റ ലിയോനർഡിനെ അഗ്നിരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്. എലികൾ വായ്‌ക്കുള്ളിൽ കേറുമെന്ന ഭയത്താൽ വീണതിനുശേഷം ലിയോനർഡിന് ഉച്ചത്തിൽ നിലവിളിക്കാൻ പോലും സാധിച്ചില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഗ്രെഗ് വൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണയിലും വലിപ്പമുള്ള എലികൾ ലിയോനർഡിന്റെ ശരീരമാകെ പൊതിഞ്ഞിരുന്നതായും വൈറ്റ് പറഞ്ഞു.