15 മിനിറ്റിൽ കോവിഡ് ഉണ്ടോയെന്നറിയാം; പരിശോധനാ കിറ്റ് ഉടൻ വിപണിയിൽ

കോവിഡിനെ നേരിടാൻ മസ്ക്കും സാമൂഹിക അകലവുമൊക്കെയായി മുന്നോട്ട് പോകുന്ന ലോകത്തിൻറെ ഏറ്റവും വലിയ പ്രതീക്ഷ വാക്സിനിലാണ്. ലോകത്ത് പലയിടങ്ങളിലും വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിച്ചു വരികയാണ്. എന്നാൽ അത്രയും നാൾ അതിജീവിക്കാനും പിടിച്ചു നിൽക്കാനും കരുതൽ തന്നെ വേണം.  

രോഗം വരാതെ നോക്കുന്നത് പോലെ തന്നെ  രോഗം എങ്ങനെ എളുപ്പത്തിലും വേഗത്തിലും കണ്ടെത്തും എന്നതു വലിയ വെല്ലുവിളിയാണ്.അതേസമയം 15 മിനിറ്റിൽ കോവിഡ് കണ്ടുപിടിക്കാമെന്ന അവകാശവാദവുമായി യുഎസ് ആസ്ഥാനമായ ബെക്ടൺ ഡിക്കിൻസൺ ആൻഡ് കമ്പനി രംഗത്തെത്തി. യൂറോപ്പിൽ ഇവരുടെ പരിശോധനാ കിറ്റ് ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്യൻ രാജ്യങ്ങളിൽ പരിശോധനാ കിറ്റിന് അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. കൊറോണ വൈറസിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകൾ കണ്ടെത്തിയുള്ള ആന്റിജൻ ടെസ്റ്റ് വഴിയാണു രോഗനിർണയം നടത്തുക. സെൽഫോൺ വലുപ്പത്തിലുള്ള ബിഡി വെരിറ്റർ പ്ലസ് സിസ്റ്റം ഒക്ടോബർ അവസാനം യൂറോപ്യൻ വിപണികളിൽ വിൽപന തുടങ്ങാമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അത്യാഹിത വിഭാഗങ്ങൾ, ജനറൽ പ്രാക്ടീഷണർമാർ, ശിശുരോഗവിദഗ്ധർ എന്നിവർക്കും ഇതുപയോഗിക്കാനാകും.

ഈ ഉപകരണം കോവിഡ് പോരാട്ടത്തിൽ ‘ഗെയിം ചേഞ്ചിങ്’ ആയിരിക്കുമെന്നു കമ്പനിയുടെ യൂറോപ്പ് മേഖലാ മേധാവി ഫെർണാണ്ട് ഗോൾഡ്ബ്ലാറ്റ് പറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിൽ യൂറോപ്പ് പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായിരുന്നു. അതിനാൽ പരിശോധനാ കിറ്റ് വലിയ തോതിൽ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിസിആർ ടെസ്റ്റിനേക്കാൾ വളരെ വേഗത്തിൽ ഫലങ്ങൾ നൽകുന്നതിനാൽ ആന്റിജൻ പരിശോധന ഏവർക്കും സ്വീകാര്യമാണ്. താരതമ്യേന കൃത്യത കുറവാണ് എന്നു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും കോവി‍ഡ് പോരാട്ടത്തിലെ ഇത്തരം കണ്ടുപിടുത്തങ്ങൾ ശാശ്വതമായ പരിഹാരത്തിലേക്ക് വഴിവയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ലോകം.