കല്യാണം കഴിക്കുന്നവർക്ക് നാലുലക്ഷം രൂപ സർക്കാർ സഹായം; തീരുമാനത്തിന് പിന്നിൽ

കല്യാണം കഴിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി ജപ്പാൻ. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയതായി വിവാഹിതരാകുന്നവർക്ക് 6,00,000 യെൻ (4.2ലക്ഷം രൂപ) ജപ്പാൻ സർക്കാർ നൽകും. വരുന്ന ഏപ്രിൽ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക എന്ന് അറിയുന്നു. ജപ്പാൻ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

സാമ്പത്തിക സഹായം ലഭിക്കാൻ ചില നിബന്ധനകളും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കണം.  ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായവണമെന്നും നിർദേശിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് പോപുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് 2015ൽ നടത്തിയ സർവ്വേയിൽ 25 വയസിനും 34 വയസിനും ഇടയിൽ പ്രായമുള്ളവരിൽ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തന്നെ തുടരുകയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.