കറുത്തവര്‍ക്കൊപ്പം; അമേരിക്കയിൽ മലയാളി രോഷം; പോസ്റ്ററുമായി യുവതി: വൈറല്‍

ട്രംപ് ഭരണകൂടത്തെ അക്ഷരാർഥത്തിൽ നടുക്കുന്ന പ്രക്ഷോഭമാണ് അമേരിക്കയിൽ കത്തിപ്പടരുന്നത്. കറുത്തവർഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് പിന്നാലെ നടക്കുന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങളാണ് അണിചേരുന്നത്. ഇക്കൂട്ടത്തിൽ ഉറച്ച ശബ്ദമായി മലയാളികളും സജീവമാണ്. മലയാളികളുടെ ഐക്യദാർഢ്യം അറിയിച്ച് ഉയർത്തിപ്പിടിച്ച പോസ്റ്ററുമായി നടന്നുവരുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

അതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി രംഗത്തെത്തി. സിഎൻഎൻ ചാനൽ ചർച്ചയിലാണ് പൊലീസ് മേധാവി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘രാജ്യത്തെ പൊലീസ് മേധാവി എന്ന അര്‍ത്ഥത്തില്‍ അമേരിക്കയുടെ പ്രസിഡന്‍റിനോട് എനിക്ക് ഒന്ന് പറയാനുള്ളൂ, നിങ്ങള്‍ക്ക് ക്രിയാത്മകമായി സംസാരിക്കാനറിയില്ലെങ്കില്‍, ദയവു ചെയ്ത് വാ തുറക്കാതിരിക്കൂ'' -എന്നായിരുന്നു അക്വെടേക്ക് പരസ്യമായി ട്രംപിന് നല്‍കാനുണ്ടായിരുന്ന ഉപദേശം. ഇത് ആധിപത്യം സ്ഥാപിക്കുന്നതിനെ കുറിച്ചല്ല, ഹൃദയവും മനസ്സും ജയിക്കുന്നതിനെ കുറിച്ചാണെ''ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രാജ്യത്തെ യുവാക്കളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു.

‘നിങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍‍, നിങ്ങള്‍ നിങ്ങളുടെ സമയം വെറുതെ കളയുകയാണെന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം. ഇതിനുള്ള മറുപടിയായിട്ടാണ് ഹൂസ്റ്റണിലെ പൊലീസ് ചീഫ് ആര്‍ട് അക്വെടേ രംഗത്തുവന്നിരിക്കുന്നത്. ട്രംപിനോട് മിണ്ടാതിരിക്കാനാണ് ആര്‍ട് അക്വെടേ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി പറഞ്ഞത്.

മെയ് 25 നാണ് ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെടുന്നത്. ഫ്ലോയിഡിന്‍റ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തീ, ഒരാഴ്ച പിന്നിടുമ്പോഴും അണഞ്ഞിട്ടില്ല. യുഎസിലെ 140 നഗരങ്ങളിലാണ് വൻ പ്രതിഷേധവും സംഘർഷങ്ങളും നടക്കുന്നത്. വൈറ്റ് ഹൌസിനടുത്ത് വരെയെത്തിയ പ്രക്ഷോഭക്കാര്‍ അര്‍ധരാത്രിയിലും മുദ്രാവാക്യങ്ങള്‍ മുഴക്കി. ഗേറ്റിനുപുറത്ത് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഈ സാഹചര്യത്തില്‍ സുരക്ഷക്കായി ട്രംപ് വൈറ്റ് ഹൌസിനുള്ളിലെ പ്രത്യേക അറയിലേക്ക് മാറി എന്ന വാര്‍ത്തകള്‍ പുറത്തുവന്നു.

രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവര്ഡത്തനമാണ്. ഇതിനെ നേരിടാന്‍ പട്ടാളത്തെ ഇറക്കാന്‍ താന്‍ മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു. കലാപത്തെ അടിച്ചമര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഗവര്‍ണര്‍മാര്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തുകൊള്ളാമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

തൊട്ടുപിന്നാലെ വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധക്കാരെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. ഇന്നലെ കലാപത്തിനിടെ തീ പടര്‍ന്ന സെന്‍റ് ജോണ്‍സ് പള്ളിയിലേക്ക്  പ്രസിഡന്‍റിന് നടന്നുപോകാന്‍ വഴിയൊരുക്കാനായിരുനന്നു ഇത്. ബൈബിളുമായി പള്ളിക്കുമുന്നില്‍ പോസ് ചെയ്ത പ്രസിഡന്‍റിന്‍റെ നടപടിയെ വാഷിങ്ടണ്‍ എപിസ്കോപ്പല്‍ ബിഷപ്പ് അപലപിച്ചു. പട്ടാളത്തെ ഇറക്കുമെന്നു പറയുന്ന പ്രസിഡന്‍റ് വിശുദ്ധഗ്രന്ഥവുമായി അനുവാദമില്ലാതെ പള്ളിയ്ക്ക് മുന്നില്‍ വന്നത് ശരിയായില്ലെന്ന് ബിഷപ് പറഞ്ഞു.  

പട്ടാളത്തെ ഇറക്കുമെന്ന പ്രസിഡന്‍റിന്‍റെ നിലപാടിനെ ന്യൂയോര്‍ക് ഗവര്‍ണര്‍ ആന്ഡ്രൂ ക്വമോയും വിമര്‍ശിച്ചു. അതേസമയം ന്യൂയോര്‍ക്കടക്കം രാജ്യത്തെ പ്രധാനനഗരങ്ങളിലെല്ലാം കലാപം ആളിപ്പടരുകയാണ്. പലയിടത്തും വ്യാപകമായ കൊള്ളയും അരങ്ങേറുന്നു.