ഹിറ്റ്ലറിന്‍റെ ചീങ്കണ്ണി; രണ്ടാം ലോകമഹായുദ്ധം അതിജീവിച്ച ‘സാറ്റേൺ’ ഇനി ഓർമ

ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ വളർത്തിയിരുന്നതെന്നു കരുതുന്ന ചീങ്കണ്ണി മോസ്കോയിലെ മൃഗശാലയി‍ൽ ചത്തു. സാറ്റേൺ എന്നു വിളിച്ചിരുന്ന ചീങ്കണ്ണിക്ക് 84 വയസ്സായിരുന്നു പ്രായം. കാട്ടിലെ ചീങ്കണ്ണികളുടെ ആയുസ്സ് സാധാരണ 50 വയസ്സാണ്.

1936ൽ അമേരിക്കയിൽ ജനിച്ച ഈ ചീങ്കണ്ണിയെ ജർമനിയിലെ ബർലിനിലുള്ള മൃഗശാലയ്ക്കു കൊടുത്തതായാണു കഥ. രണ്ടാം ലോകയുദ്ധത്തിനിടെ 1943ൽ സഖ്യശക്തികൾ ബർലിനിൽ ബോംബാക്രമണം നടത്തിയപ്പോൾ തകർന്ന മൃഗശാലയിൽ നിന്നു പുറത്തിറങ്ങി അത് എങ്ങോട്ടോ രക്ഷപ്പെട്ടു. 

3 വർഷം കഴിഞ്ഞു ബ്രിട്ടിഷ് സൈനികരുടെ കണ്ണിൽ പെട്ടു. അവർ അവനെ സോവിയറ്റ് യൂണിയനു കൈമാറിയതിനു ശേഷമാണു ഹിറ്റ്ലർ വളർത്തിയ ചീങ്കണ്ണിയെന്ന പേരു വീണതും കഥകൾ പ്രചരിച്ചതും.