അജ്ഞാത ജീവിയുടെ ആക്രമണം; പുറത്തിറങ്ങാനാകാതെ കിളിമാനൂരും വാമനപുരവും

പുലിപ്പേടിയില്‍ രാത്രിയില്‍ പുറത്തിറങ്ങാനാകാതെ  തിരുവനന്തപുരം കിളിമാനൂര്‍, വാമനപുരം നിവാസികള്‍.  കടലുകാണിപാറയ്ക്കു സമീപം അജ്ഞാത ജീവി ആക്രമിച്ചു കൊന്ന ആട്ടിന്‍ കുട്ടികളുടെ ദേഹത്ത് വലിയ നഖപ്പാടുകള്‍ കണ്ടെത്തി. വീടിനു സമീപം ക്യാമറ സ്ഥാപിച്ചു.കല്ലറ താളിക്കുഴി കടലുകാണിപാറയ്ക്ക് സമീപം താമസിക്കുന്ന ഒാമനയുടെ രണ്ട് ആട്ടിന്‍കുട്ടികളെയാണ് ഇന്നലെ പുലര്‍ച്ചെ അജ്ഞാത ജീവി കടിച്ചുകീറിക്കൊന്നത്. ദേഹപരിശോധനയില്‍ വലിയ നഖപ്പാടുകള്‍ കണ്ടെത്തിയത് പുലിയാണോയെന്ന സംശയം ബലപ്പെടുത്തുന്നു. കാട്ടുപൂച്ചയോ കാട്ടുചെന്നായയോ ആണെന്ന സംശയവുമുണ്ട്. ഫോറസ്ററ് റെയ്ഞ്ച് ഒാഫീസര്‍ ഒാമനയുടെ വീടിനുസമീപം ക്യാമറ സ്ഥാപിച്ചു. 

കഴിഞ്ഞ ദിവസം കിളിമാനൂരിലും അജ്‍ഞാത ജീവി ആടിനെ കൊന്നിരുന്നു. പുല്ലയിൽ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം ആദ്യമായി  പുലിയെ കണ്ടതായി പ്രദേശവാസികൾ കിളിമാനൂർ പോലീസിൽ അറിയിച്ചത്.  പരിശോധനയില്‍പുലിയുടേതെന്ന് വ്യക്തമാകുന്ന കാല്‍പാടുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ജനങ്ങളുടെ ആശങ്കയകററാന്‍   കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും  അജ്ഞാത ജീവി ദൃശ്യങ്ങളില്‍ കുടുങ്ങിയില്ല.