വീട്ടമ്മയുടെ ‘മൃഗസംരക്ഷണ വകുപ്പ്’; 26 പശുക്കൾ, 14 പന്നികൾ, 126 കോഴി, 30 താറാവ്, 700 മീനുകൾ

എരുമേലിയിലെ പാണപിലാവ് നടൂക്കുന്നേൽ വീട്ടിലെ വീട്ടമ്മ റീനയ്ക്ക് നിന്നു തിരിയാൻ നേരമില്ല.  പശുക്കൾ–26,പന്നികൾ–14, കോഴി–126,താറാവ്–30,വളർത്തു മീനുകൾ–700, കുളങ്ങൾ–2.  നടുക്കുന്നേൽ സിബിയുടെ ഭാര്യ റീനയ്ക്ക് അധ്വാനം ഒരു ഹരമാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന കഠിനാധ്വാനം തന്നെ.

ഭർത്താവ് സിബി 3 ഏക്കർ പറമ്പിൽ റബർ വെട്ടും കറയെടുക്കലും ഷീറ്റടിയുമൊക്കെയായി സമയം ചെലവിടുമ്പോൾ റീന പശുവിനെയും പന്നിയെയും കോഴിയെയും താറാവിനെയുമമൊക്കെ പരിചരിക്കുന്ന തിരക്കിലാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഏറ്റവുമധികം പാൽ മിൽമയിൽ നൽകുന്ന വീട്ടമ്മ റീനയാണ്. ദിവസേന 70 ലീറ്ററിൽ കുറയാതെ പാൽ മിൽമയിൽ അളന്നു കൊടുക്കും. അങ്ങനെ ദിവസേന  ശരാശരി 100 വീടുകളിലെങ്കിലും തന്റെ പശുക്കളുടെ പാൽ 

കുടിക്കുന്നവരുണ്ടാകുമെന്നാണു റീനയുടെ കണക്കു കൂട്ടൽ. മൃഗസംരക്ഷണ ‘വകുപ്പിലേക്കു’ റീന തിരിഞ്ഞിട്ടു 3 വർഷമേ ആയിട്ടുള്ളു.

അടുക്കള ജീവിതത്തിനു പുറത്തേക്കു നീങ്ങണമെന്നു ദൃഢമായി ആഗ്രഹിച്ചതാണ് ഇപ്പോഴത്തെ നേട്ടത്തിനു പിന്നിലെന്നു റീന പറയുന്നു. മാസം ശരാശരി ഒരു ലക്ഷം രൂപയാണു മൊത്ത വരുമാനം. ഈ തുകയിൽ നിന്നാണു  ജീവികളുടെ സംരക്ഷണ ചെലവുകൾ കണ്ടെത്തുന്നത്. ജീവികൾക്കുണ്ടാവുന്ന രോഗം 

അടക്കമുള്ള വിഷയങ്ങൾക്കും സംശയനിവാരണങ്ങൾക്കും എരുമേലി മൃഗാശുപത്രിയില സീനിയർ വെറ്ററിനറി സർജൻ ഡോ. ടി.അനിൽകുമാറിന്റെ സേവനവും ലഭിക്കുന്നു. റീനയുടെ  2 ആൺമക്കളും  മിടുക്കരാണ്. അലങ്കാര മീനുകളെ ഉൽപ്പാദിപ്പിച്ചു വിൽക്കലാണ് പ്രധാന പരിപാടി.