ലോക മൃഗദിനം; അരുമകളെ പരിശുദ്ധമാക്കി ഫിലിപ്പീന്‍സുകാര്‍; പ്രത്യേക ചടങ്ങ്

ഇന്ന് ലോക മൃഗ ദിനം. മൃഗങ്ങളുടെ പാലകപുണ്യാളന്‍ എന്നറിയപ്പെടുന്ന സെന്റ് ഫ്രാന്‍സിസ് ഒാഫ് അസീസിയുടെ തിരുനാള്‍ കൂടിയാണ് ഈ ദിനം. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ വിശുദ്ധവെള്ളം വീഴ്ത്തി പരിശുദ്ധമാക്കുകയാണ് ഫിലിപ്പീന്‍സുകാര്‍.

ഫിലിപ്പിന്‍സിലെ വിശേഷങ്ങളിലേക്ക് പോകുംമുന്‍പ് ഇത്തിരി ചരിത്രമറിയാം. ലോകപ്രശസ്ത ശ്വാനപരിശീലകനായ ആയ Henrich Zimmerman ആണ് 1925ല്‍ മൃഗങ്ങള്‍ക്കായുള്ള ദിനാചരണത്തിന് തുടക്കമിട്ടത്. ബര്‍ളിനിലെ സ്പോര്‍ട് പാലസില്‍വെച്ചാണ് 5000 പേരെ സാക്ഷിയാക്കി ആദ്യമായി ഈ ദിവസം ആഘോഷിച്ചത്. പിന്നീട് Zimmermanന്റെ സ്ഥിരപ്രയത്നത്തിനൊടുവിലാണ് 1929 ഒക്ടോബര്‍ 4 മുതല്‍ എല്ലാ വര്‍ഷവും മൃഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ലോക മൃഗദിനം ആചരിക്കാന്‍ തീരുമാനിച്ചത്.1931ല്‍ ഇറ്റലിയിലെ ഫ്ളോറന്‍സില്‍ നടന്ന രാജ്യാന്തര മൃഗസംരക്ഷണ കോണ്‍ഗ്രസില്‍ വെച്ച് ആഗോളതലത്തില്‍ ഈ ദിനാചരണം നടത്താനായി പ്രമേയവും പാസാക്കി. നമ്മുടെ ജീവിതോന്നതിക്ക് ഈ മിണ്ടാപ്രാണികള്‍ എത്രത്തോളം സ്വാധീനശക്തിയാവുന്നുണ്ട് എന്ന ഒാര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ മൃഗസ്നേഹി ദിനം. മൃഗങ്ങളെ പരിചരിക്കാനും അവയോടുള്ള ക്രൂരത അവസാനിപ്പിക്കാനും നിലനില്‍പ്പ് ഭീഷണിയെ ചെറുക്കാനും ആഹ്വാനം ചെയ്യുകയാണ് ലോക മൃഗ ദിനം. 

ഫിലിപ്പിന്‍സുകാര്‍ക്ക് അവരുടെ അരുമകളെ പരിശുദ്ധമാക്കാനുള്ള ദിനമാണിന്ന്. മൃഗങ്ങളുടെ പരിപാലകനെന്ന വിളിപ്പേരുള്ള  സെന്റ് ഫ്രാന്‍സിസ് ഒാഫ് അസീസിയുടെ തിരുനാള്‍ ദിനത്തില്‍ വൈദികരുടെ ആശീര്‍വാദത്തിനായി വളര്‍ത്തുമൃഗങ്ങളെ അവര്‍‌ കൊണ്ടുപോകും. കോവി‍ഡിന്റെ പശ്ചാത്തലത്തില്‍ കൂട്ടംകൂടലൊഴിവാക്കാനായി ഇത്തവണ വാഹനത്തിലിരുന്നുതന്നെ മൃഗങ്ങളെ ആശീര്‍വദിക്കല്‍ ചടങ്ങ് നടക്കുന്നു. അവര്‍ക്കരികിലേക്കെത്തി വൈദികര്‍ വിശുദ്ധവെള്ളം തളിച്ച് ആശീര്‍വദിക്കും. പല പാശ്ചാത്യനാടുകളിലും വളര്‍ത്തുമൃഗങ്ങളെ ആശീര്‍വദിക്കല്‍ ചടങ്ങ് നടക്കുന്നുണ്ട്. പരിണാമസിദ്ധാന്തത്തിന്റെ വക്താവായ ചാള്‍സ് ഡാര്‍വിന്‍ പറഞ്ഞുവെച്ചതാണ് ഈ ദിവസത്തിന്റെ ആപ്തവാക്യം. ചുറ്റിലുമുള്ള ഒാരോ ജീവജാലങ്ങളേയും സ്നേഹിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും കുലീനമായ ധര്‍മം.