ലോകത്തെ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തി; വുഹാനിലെ ചെമ്മീൻ കച്ചവടക്കാരി: റിപ്പോർട്ട്

ചൈനയിൽ തുടങ്ങി ലോകമെമ്പാടും ദുരിതം വിതയ്ക്കുന്ന കൊറോണ വൈറസ് കോവിഡ് 19 ബാധിച്ച ആദ്യ വ്യക്തിയെ കണ്ടെത്തി. വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയാണ് രോഗത്തിന്റെ ആദ്യ ഇരയെന്നാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. 

വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുന്ന 57 വയസുള്ള വൈ ഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യ സ്ഥിരീകരിച്ചത്.

2019 ഡിസംബറിലാണ് വൈ ഗുയ്ഷിയാനിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പനിയുടെ ലക്ഷണങ്ങളായിരുന്നു ആദ്യം. അതുകൊണ്ട് തന്നെ സമീപത്തെ ആശുപത്രിയിലാണ് ചികിൽസ തേടിയത്. എന്നാൽ ഇത് ഫലിക്കാതെ വന്നതോടെയാണ് വുഹാനിലെ വലിയ ആശുപത്രികളിലൊന്നായ വുഹാൻ യൂണിയൻ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്ന് ഇവർ സംശയിക്കുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ പലർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ വൈയും ഉൾപ്പെട്ടിട്ടുള്ളതായി വുഹാൻ മുനിസിപ്പൽ ആരോഗ്യകമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.