കമ്മ്യൂണിസ്റ്റ് ക്യൂബയുടെ ‘തൂവെള്ള’ സൈന്യം ഇറ്റലിക്ക്; കോവിഡില്‍ കരുതല്‍

കൊറോണ രോഗബാധയിൽ ദുരിതത്തിലായ ഇറ്റലിയെ സഹായിക്കാൻ ഡോക്ടർമാരെയും നഴ്സുമാരെയും അയച്ചതായി ക്യൂബ. ഇറ്റലിയിൽ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാർഡി മേഖലയിലാണ് അഭ്യർഥന അനുസരിച്ച് ക്യൂബൻ മെഡിക്കൽ സംഘം പ്രവർത്തിക്കുക. 1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് ‘വെളുത്ത കുപ്പായക്കാരുടെ സൈന്യത്തെ’ രക്ഷാപ്രവർത്തനങ്ങൾക്കായി ക്യൂബ അയയ്ക്കാറുണ്ട്.

പ്രധാനമായും ദരിദ്ര രാജ്യങ്ങള്‍ക്കാണു ക്യൂബ സഹായം നൽകുക. 2010ൽ ഹെയ്തിയിൽ കോളറ ബാധിച്ചപ്പോഴും പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള ബാധിച്ചപ്പോഴും അതിനെതിരായ പോരാട്ടത്തിൽ മുന്‍നിരയിൽനിന്നത് ക്യൂബയിൽനിന്നെത്തിയ ‍ഡോക്ടർമാരായിരുന്നു. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് ഇതാദ്യമായാണു ക്യൂബൻ സംഘം എത്തുന്നത്. ലോകമാകെ കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ വിദഗ്ധരുടെ ആറാമതു സംഘത്തെയാണു ക്യൂബ വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ദിവസം അയച്ചത്.

സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളിലും ക്യൂബൻ സംഘം കൊറോണയ്ക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കും ഭയമുണ്ട്. എന്നാല്‍ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ട്. അതിനായി ഭയത്തെ ഒരു ഭാഗത്തേക്കു മാറ്റിനിർത്തുകയാണെന്നു ക്യൂബൻ സംഘത്തിലെ ഇന്റൻസീവ് കെയർ സ്പെഷലിസ്റ്റ് ലിയോണാർഡോ ഫെർണാണ്ടസ് രാജ്യാന്തര വാർത്താ ഏജൻ‌സിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. ഞങ്ങൾ സൂപ്പർ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടർമാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈബീരിയയിൽ എബോള സമയത്തു സേവനം അനുഷ്ഠിച്ചിരുന്ന ഫെർണാണ്ടസിന്റെ വിദേശത്തുള്ള എട്ടാമതു പ്രവർത്തനമാണിത്.

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയർന്നു. ഇറ്റലിയിലെ ക്ഷേമകാര്യ വിഭാഗം തലവൻ ഗിലിയോ ഗലേറയാണു ചികിത്സയ്ക്കായി ക്യൂബയുടെ സഹായം ആവശ്യപ്പെട്ടത്. വികസിത രാജ്യങ്ങൾക്കുപോലും അസൂയയുണ്ടാക്കുന്ന വളർച്ചയാണ് ആരോഗ്യക്ഷേമ കാര്യത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടമുള്ള ക്യൂബ കൈവരിച്ചിട്ടുള്ളത്. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ക്യൂബയുടെ ഈ രംഗത്തെ വളർച്ച. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ അവരുടെ സാമ്പത്തിക സഹായവും ക്യൂബയ്ക്കു ലഭിക്കാതായി.

പതിറ്റാണ്ടുകൾ നീണ്ട യുഎസ് ഉപരോധവും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളും ക്യൂബയിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വിദേശത്തുള്ള ഡോക്ടർമാരെ മാറ്റിനിർത്തിയാൽ പോലും ലോകത്തിൽ ഏറ്റവുമധികം ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നാണു ക്യൂബ. ദുരന്തമുഖങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ക്യൂബൻ വൈദ്യസംഘങ്ങളുടെ മികവു ലോകപ്രശസ്തമാണ്. ഒരു പ്രശ്നം വന്നപ്പോൾ ക്യൂബൻ സർക്കാരും അവിടത്തെ ജനങ്ങളും അവസരത്തിനൊത്ത് ഉയരുകയായിരുന്നെന്ന് ക്യൂബയുടെ സഹായം സ്വീകരിച്ചിരുന്ന ജമൈക്കയുടെ ആരോഗ്യമന്ത്രി ക്രിസ്റ്റഫൻ ടഫ്റ്റൻ പ്രതികരിച്ചു. കിങ്സ്റ്റൻ രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ജമൈക്കൻ മന്ത്രി 140 അംഗ ക്യൂബൻ സംഘത്തിന് ആശംസകൾ അറിയിച്ചത്.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കരീബിയൻ രാജ്യങ്ങളൊന്നും അടുപ്പിക്കാതിരുന്ന ബ്രിട്ടിഷ് കപ്പലിനു ക്യൂബയിൽ പ്രവേശനം അനുവദിച്ചിരുന്നു. അറുനൂറിലധികം യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. ഇതിനു ബ്രിട്ടൻ ക്യൂബയ്ക്കുള്ള നന്ദിയും അറിയിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾക്കൊപ്പം സ്വന്തം നാട്ടിലും കൊറോണ വൈറസിനെതിരായ പ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണു ക്യൂബൻ ഡോക്ടർമാർ. ക്യൂബയിൽ ഇതുവരെ 25 കൊറോണ കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറസ് ഭീഷണിയുള്ളതിനാൽ ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കുമെന്ന് പ്രസിഡന്റ് മിഗ്വൽ ദയസ് കാനൽ അറിയിച്ചു. വിദേശികൾക്കു ക്യൂബയിൽ പ്രവേശിക്കാനും അനുമതിയില്ല. ഇതു രാജ്യത്തെ ടൂറിസം, സമ്പദ്‍വ്യവസ്ഥ എന്നിവയെ ഗുരുതരമായി തന്നെ ബാധിക്കുമെന്നാണു കരുതുന്നത്. ക്യൂബയിൽ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ഓരോ വീടുകളും കയറിയിറങ്ങിയാണു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്.