ചൂട് വെള്ളമൊഴിച്ചാലും വെളുത്തുള്ളി കഴിച്ചാലും കൊറോണ പോകില്ല; യുഎൻ

കൊറോണ ഭീതി വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ പല വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നതിനെതിരെ  ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) രംഗത്ത്. ഉള്ളിലും ഇഞ്ചിയും ഉപയോഗിക്കുന്നതും കടുത്ത ചൂടുവെള്ളം  ഉപയോഗിക്കുന്നതുമെല്ലാം കൊറോണ പ്രതിരോധത്തിന്റെ പേരിൽ പ്രചരിക്കുന്നുണ്ടെങ്കിലും വിദഗ്ധർ ഇവ നിഷേധിക്കുകയാണ്.

ചൂട് കൂടിയാൽ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണു  ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ശരീരോഷ്മാവ് സാധാരണയായി 36-37 ഡിഗ്രി സെൽഷ്യസായി ശരീരം ക്രമപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് പുറമേ കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാതെ വലിയ പ്രയോജനമില്ലെന്നാണു  മുന്നറിയിപ്പ്.

ക്ലോറിൻ, മദ്യം എന്നിവ ശരീരത്ത് പുരട്ടിയാൽ കൊറോണ വൈറസ് ബാധിക്കില്ല എന്ന പ്രചാരണവും തെറ്റാണ്. വെളുത്തുള്ളി ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും തെളിഞ്ഞിട്ടില്ല. കൊറോണയ്ക്കെതിരേ ആന്റിബയോട്ടിക്കുകളും ഫലപ്രദമല്ല. തന്നെയുമല്ല കൊറോണയ്ക്കെതിരേ മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല. പ്രതിരോധ കുത്തിവയ്പ്പുകളും ഇല്ല. അതേ സമയം ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്കെതിരേ വാക്സിനുകൾ എടുക്കുന്നത് നല്ലതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

മാസ്ക് ധരിക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടന മാർഗനിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യമുള്ള ആളുകളിൽ രോഗികളെ ശുശ്രൂഷിക്കുന്നവർ മാത്രം മാസ്ക് ധരിച്ചാൽ മതി. ശ്വാസകോശ രോഗമുള്ളവരും ചുമയും പനിയും മറ്റുമുള്ളവരും മറ്റുള്ളവർക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കണം. ആരോഗ്യമുള്ളവർ മാസ്ക് ധരിക്കുമ്പോൾ ഇടയ്ക്കിടെ അത് ശരിയാക്കാൻ മൂക്ക്, കണ്ണ്, വായ് എന്നിവിടങ്ങളിൽ വൃത്തിയാക്കാത്ത കൈകൾ കൊണ്ടുപോകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. അനാവശ്യമായി മൂക്കിലും കണ്ണിലും സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും അവർ വ്യക്തമാക്കുന്നു.

ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങളിലൂടെ കൊറോണ പകരും എന്ന വാദവും സംഘടന തള്ളിക്കളയുന്നു. ഇത്ര കാലത്തെ യാത്രകൊണ്ടും വിവിധ താപനിലയിലൂടെ മാറി മാറിയുള്ള സഞ്ചാരം കൊണ്ടും കൊറോണ വൈറസിന് അധികം കാലം ഉൽപ്പന്നങ്ങളിൽ പറ്റിയിരിക്കാനാവില്ല എന്നാണ് സംഘടന പറയുന്നത്. എന്നിരുന്നാലും സംശയം ഉള്ളപക്ഷം ഉൽപന്നങ്ങൾ അണുനാശിനി കൊണ്ട് തുടച്ച് ഉപയോഗിക്കാമെന്നും അവർ പറയുന്നു.