ഒടുവിൽ കുറ്റസമ്മതം നടത്തി ഇറാൻ; വിമാനം തകർന്നുവീണതിൽ സംഭവിച്ചത് അബദ്ധം

ഇറാന്‍ തലസ്ഥാനമായ ടെഹ്്റാനില്‍ യുക്രെയ്‍ന്‍ വിമാനം തകര്‍ന്നുവീണത് സ്വന്തം മിസൈലേറ്റെന്ന് ഇറാന്‍റെ കുറ്റസമ്മതം. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശദീകരിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 176 പേര്‍ മരിച്ച  അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ കുറ്റമേറ്റത്.

കഴിഞ്ഞ എട്ടിന് ഇറാനിലെ ഇമാം ഖമനായി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനാണ് ബോയിങ് 737 വിമാനം തീപിടിച്ച് ടെഹ്റാനില്‍ തകര്‍ന്നു വീണത്.അല്‍ അസദിലും എര്‍ബിലിലുമുള്ള യുഎസ് സേനാതാവളങ്ങള്‍ക്ക് സമീപം  ഇറാന്‍ ബലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. യന്ത്രത്തകരാറെന്നായിരുന്നു ഇറാന്‍റെ വിശദീകരണം.  എന്നാല്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തരതലത്തില്‍ സമ്മര്‍ദ്ധം  ഏറിയതോടെയാണ് മാനുഷിക പിഴവാണെന്ന് സമ്മതിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് എത്തിയത്.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ അപകടത്തിനുപിന്നാലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.  167 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ 82 പേര്‍ ഇറാനികളാണ്. 57 കാനഡക്കാരും 11 ഉക്രെയിന്‍കാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.