പെട്ടിയിൽ കയറി രാജ്യം വിട്ടു; ജപ്പാനെ കബളിപ്പിച്ച് കടന്ന കാർലോസ് ഘോൻ

വൻസുരക്ഷാ സംവിധാനങ്ങളുള്ള ഒരു രാജ്യത്തെ മുഴുവൻ കബളിപ്പിച്ച് പെട്ടിയിൽ കയറി വിമാനത്തിൽ ലബനിലിലേക്ക് മുങ്ങിയ ഓട്ടമൊബീൽ കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോനാണ് ജപ്പാനിലെ ഇപ്പോഴത്തെ സംസാരവിഷയം. അതിസുരക്ഷാ പരിശോധനകളിൽ നിന്നെല്ലാം വിദഗ്ധമായി രക്ഷപ്പെട്ടാണ് ഘോനിന്റെ പലായനം. ഇതോടെ നാണംക്കെട്ട ജപ്പാൻ സ്വകാര്യ വിമാനങ്ങളിലും ലഗേജ് പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്.

ടയർ കമ്പനി മിഷലിൻ, ഫ്രഞ്ച് കാർ കമ്പനി റെനോ, ജപ്പാൻ കാർ കമ്പനി നിസാൻ എന്നിവയെ പ്രതിസന്ധികളിൽ കമ്പോളത്തിൽ വിജയിപ്പിച്ചത് ഘോനായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ബിസിനസുകാരനായിരുന്നു അദ്ദേഹം. എന്നാൽ കമ്പനിയുടെ പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുൾപ്പെടെയുള്ള കേസുകളെത്തിയതോടെ അദ്ദേഹം വിവാദങ്ങളിൽ കുടുങ്ങി.

ഡിസംബർ 29നു ടോക്കിയോയിലെ വീട്ടിൽ നിന്നിറങ്ങിയ ഘോൻ ഓസക വരെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത ശേഷമാണ് കൻസായ് വിമാനത്താവളത്തിൽ നിന്നു സ്വകാര്യ ജെറ്റ് വിമാനത്തിൽ ലബനനിലേക്കു കടന്നത്. സംഗീതോപകരണങ്ങൾ കൊണ്ടുപോകുന്ന തരത്തിലുള്ള വലിയ പെട്ടിയിലാക്കിയാണു ഘോനെ വിമാനത്തിൽ കയറ്റിയതെന്ന റിപ്പോർട്ടുകൾ ശരിയായിരുന്നു.  പെട്ടിയുടെ വലുപ്പക്കൂടുതലും എക്സ്റേ പരിശോധന ഒഴിവാക്കാൻ കാരണമായി. എന്നാൽ, തിങ്കളാഴ്ച മുതൽ ടോക്കിയോയിലെ 2 വിമാനത്താവളങ്ങളിലും ക‍ൻസായ്, നഗോയ വിമാനത്താവളങ്ങളിലും പരിശോധന ആരംഭിച്ചതായി നിയമമന്ത്രി മസാകോ മോറി അറിയിച്ചു.

ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങൾ കടന്ന് ലെബനനിലെത്താൻ ഘോനിനു ഒറ്റയ്ക്കു കഴിയില്ല. അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിച്ചിരിക്കുമെന്ന് ഉറപ്പാണ്. 4 പൈലറ്റുമാർ ഉൾപ്പെടെ 7 പേരെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഘോനിനു ജപ്പാൻ, ഫ്രാൻസ്, ബ്രസീൽ, ലെബനൻ എന്നീ രാജ്യങ്ങളിൽ പൗരത്വമുണ്ട്. ഇവ ജപ്പാനിൽ പിടിച്ചു വച്ചിരുന്നെങ്കിലും ഫ്രഞ്ച് പാസ്പോർട്ട് പിന്നീട് വിട്ടു നൽകിയിരുന്നു. ഇത് ഉപയോഗിച്ചാവാം നാടുവിട്ടതെന്നു കരുതുന്നു. ഫ്രാൻസിലെത്തിയാൽ ഘോനിനെ ജപ്പാനു കൈമാറില്ലെന്നു ഫ്രഞ്ച് അധികൃതർ പറഞ്ഞു. ഇതിനിടെ ഘോനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലെബനന് ഇന്റർപോൾ‌ നോട്ടിസ് അയച്ചു.