ഇറാന്‍ പ്രയോഗിച്ചത് 30 മിസൈലുകള്‍; യുദ്ധഭീതിയില്‍ ഗള്‍ഫ്; ആശങ്ക

ഇറാഖില്‍ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമതാവളങ്ങളിൽ നടത്തിയ വ്യോമാക്രമണത്തില്‍ 30 മിസൈലുകള്‍ പ്രയോഗിച്ചുവെന്ന് ഇറാന്‍.  റവലൂഷണറി ഗാര്‍ഡ് വാര്‍ത്താ വെബ്‌സൈറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ആക്രമിച്ചത്. ഇറാഖിൽ നിലയുറപ്പിച്ച യുഎസിന്റെയും സഖ്യസേനകളുടെയും കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

യുഎസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ ദേശീയ ടെലിവിഷനും അറിയിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് യുഎസ് വിമാനക്കമ്പനികളോട് ഗൾഫ് സർവീസുകൾ നിർത്തിവയ്ക്കാൻ നിർദേശിച്ചു. യുഎസ് വ്യോമയാന അതോറിറ്റിയാണ് നിർദേശം നൽകിയത്.  കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ ജനറൽ ഖാസിം സുലൈമാനി ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ നേതൃത്വം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാഖിലെ യുഎസ് സേനാ കേന്ദ്രങ്ങളിലേക്കുളള ആക്രമണം സംബന്ധിച്ച വിവരങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി നേരിട്ട് വിലയിരുത്തിയതായി വൈറ്റ്ഹൗസ് പ്രത്യേക വാർത്താക്കുറിപ്പിൽ അറിയിച്ചു..

 ഇറാന്റെ തിരിച്ചടിയോടെ ഗള്‍ഫ് മേഖല വീണ്ടും യുദ്ധഭീതിയിലാഴ്ന്നിരിക്കുകയാണ്. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്കയോടെ കഴിയുന്നത്. മേഖലയില്‍ യുദ്ധ സമാന സാഹചര്യം നിലവില്‍ വന്നതോടെയാണ് യുഎസ് യാത്രാ വിമാനസര്‍വീസുകള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. മറ്റുകമ്പനികളും ആശങ്കയോടെയാണ് സ്ഥിതി വിയിരുത്തുന്നത്