വിഷാദരോഗിയായി; സ്കൂളിൽ പോകുന്നത് നിർത്തി; സംസാരമില്ല; ഗ്രേറ്റയുടെ മാറ്റങ്ങൾ

2020 ലേക്ക് ലോകം ചുവടുവയ്ക്കുമ്പോൾ പ്രതീക്ഷ നൽകുന്ന ഒരു പേരുകാരിയാണ് ഗ്രേറ്റ ട്യൂൻബെർഗ്. സ്വീഡനിലെ കൗമാര കാലാവസ്ഥാ പ്രവര്‍ത്തകയുടെ ജീവിതത്തെ കുറിച്ച് അവളുടെ അച്ഛൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാവുന്നത്. വിഷാദരോഗത്തിന്റെ പിടിയിൽ നിന്നും ഗ്രേറ്റയെ രക്ഷിച്ചത് കാലാവസ്ഥ സംരക്ഷണത്തിന് േവണ്ടിയുള്ള പ്രവർത്തനമാണെന്ന് അച്ഛൻ പറയുന്നു.

നാല് വർഷങ്ങൾക്കു മുൻപാണ് ഗ്രേറ്റയെ വിഷാദരോഗം ബാധിച്ചത്. സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ച കൊച്ചു ഗ്രേറ്റ ആരോടും സംസാരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കുന്നത് ഒരു വേള ഉപേക്ഷിക്കുകയും ചെയ്തു. അത് വല്ലാത്ത പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. ഒരു വർഷത്തോളം സ്കൂളിൽ പോകാതെ അവൾ വീട്ടിൽ തന്നെയിരുന്നു. 

മൂന്ന് മാസത്തേക്കു കാര്യമായി ഒന്നും തന്നെ ഭക്ഷിച്ചിരുന്നില്ല. പിതാവെന്ന നിലയിൽ അതെല്ലാം ഒരു ദുഃസ്വപ്നം പോലെയാണ് എനിക്കു അനുഭവപ്പെട്ടതും. സഹോദരിയും അധ്യാപികയും മാത്രമായിരുന്നു ഗ്രേറ്റയുമായി ആശയവിനിമയം ഉള്ള ആളുകൾ. കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങൾ പ്രതികരിച്ച് ഗ്രേറ്റയെ പോലെയുള്ള പെൺകുട്ടി മുന്നോട്ടു വന്നപ്പോൾ ആദ്യം നിരുത്സാഹപ്പെടുത്തി. ഇതൊന്നും പറ്റിയ പണിയല്ലെന്നു ബോധ്യപ്പെടുത്താനായി പിന്നീടുള്ള ശ്രമം.

എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെ അവർ തകിടം മറിച്ചു. ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് ആധികാരികമായി അവൾ സംസാരിച്ചു. പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി. യുഎന്‍ കാലാവസ്ഥ അടിയന്തര ഉച്ചകോടിയിൽ ലോകനേതാക്കളോടു സംവദിച്ചു. കാര്യങ്ങൾ പഴയതു പോലെയായി. വിഷാദരോഗത്തെ അവൾ മറിക്കടന്നു. സ്വാന്റെ ട്യൂൻബെർഗ് പറഞ്ഞു.

2019 ൽ ടൈം പഴ്സൻ ഓഫ് ദി ഇയർ ആയി  ഗ്രേറ്റ ട്യുൻബെർഗിനെയാണ് തിരഞ്ഞെടുത്തത്. ഈ ബഹുമതിയുടെ 92 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ.