വയസ് 34: ജോലി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി; ലോകമാതൃകയില്‍ രാജ്യം

കേരളത്തേക്കാൾ പത്തിരട്ടി വലിപ്പവും കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയും മാത്രമുള്ള ഒരു രാജ്യമാണ് ഫിൻലൻഡ്‌. ലോകത്തിലെ തന്നെ ഏറ്റവും സന്തോഷമുള്ള രാജ്യം, ഇന്ന് ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്നത് മറ്റൊരു കാര്യത്തില്‍ കൂടിയാണ്. സന മരിൻ ഫിൻലൻഡ് എന്ന 34 വയസുകാരി ഇൗ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 

അവിടെയും തീരുന്നില്ല, ഫിൻലൻഡ് സൃഷ്ടിക്കുന്ന ലോകമാതൃക – ഭരണമുന്നണിയിലെ 5 കക്ഷികളിൽ നാലിന്റെയും നേതൃസ്ഥാനത്ത് വനിതകൾ; അവരിൽ 3 പേരും 35 വയസ്സിനു താഴെയുള്ളവർ. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സെന്റർ പാർട്ടിയുടെ നേതാവ് കത്രി കൽമുനിയാകും പുതിയ ധനമന്ത്രി (പ്രായം – 32). ഗ്രീൻ പാർട്ടി നേതാവ് മരിയ ഒഹിസാലോ (34) ആഭ്യന്തര മന്ത്രിയായും ഇടതു മുന്നണി അധ്യക്ഷ ലി ആൻഡേഴ്സൻ (32) വിദ്യാഭ്യാസ മന്ത്രിയായും തുടരും. സ്വീഡിഷ് പീപ്പിൾസ് പാർട്ടിയുടെ അന്ന മജ ഹെൻറിക്സൻ (55) നീതിന്യായ വകുപ്പിലും തുടരും.

സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് സന മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാർട്ടി യോഗത്തിൽ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്. 700 തപാൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും തുടർന്നുണ്ടായ സമരവുമാണ് റിന്നേയുടെ പുറത്താകലിനു കാരണം. ‌ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സെന്റർ പാർട്ടി, റിന്നേയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയതാണ് നേതൃമാറ്റങ്ങൾക്കു വഴിതെളിച്ചത്. റിന്നേ മന്ത്രിസഭയിൽ ഗതാഗത, വാർത്താ വിനിമയ മന്ത്രിയായിരുന്നു സന. ഫിൻലൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.