ചത്തു തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നൂറുകിലോ മാലിന്യം; നടുക്കം; വിഡിയോ

നൂറുകിലോയ്ക്ക് മുകളിൽ മാലിന്യം. ഇതിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് വളരെ കൂടുതൽ. ഇത്രത്തോളം മാലിന്യം കണ്ടെത്തിയത്. ചത്ത് തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ വയറ്റിനുള്ളിൽ നിന്നാണ്. സ്കോട്‌ലൻഡിലെ ഒരു ബീച്ചിലാണ് 20 ടണ്ണോളം ഭാരമുള്ള സ്പേം വേയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലം ചത്തു തീരത്തടിഞ്ഞത്. 

സമുദ്രത്തിൽ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനീകരണം അതിരൂക്ഷമായതിന്റെ തെളിവാണ് ഈ തിമിംഗലത്തിന്റെ മൃതശരീരമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളും മത്സ്യബന്ധന വലകളുടെ അവശിഷ്ടവും തിമിംഗലത്തിന്റെ വയറിനുള്ളിൽ നിന്നു ലഭിച്ചിരുന്നു. തിമിംഗലങ്ങളുടെയും ‍ഡോൾഫിനുകളുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സ്കോട്ടിഷ് മറൈൻ ആനിമൽ സ്ട്രാൻഡിങ് സ്കീം എന്ന സംഘടനയാണ് ഈ തിമിംഗലത്തിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

നൂറ് കിലോയോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തിമിംഗലത്തിന്റ വയറിനുള്ളിൽ പന്തുപോലെ കെട്ടിക്കിടക്കുവായിരുന്നെന്ന് ഇവർ വ്യക്തമാക്കി. വയറിനുള്ളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ദഹനപ്രക്രിയ തടസ്സപ്പെട്ടതാണ് തിമിംഗലത്തിന്റെ മരണകാരണമെന്നും ഇവർ വ്യക്തമാക്കി.തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ശരീരം ബീച്ചിൽ തന്നെ സംസ്ക്കരിച്ചു. വിഡിയോ കാണാം.