കണ്ടാൽ പെണ്ണെന്ന് തോന്നില്ല; സ്ത്രീകൾക്ക് കണ്ണട വിലക്കി ജപ്പാൻ; പ്രതിഷേധം

ജോലി സമയത്ത് സ്ത്രീകൾ കണ്ണട ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം. സ്ത്രീ ജീവനക്കാർ കണ്ണട ധരിക്കുന്നത് ആകർഷകത്വം കുറയ്ക്കുകയും ഗൗരവക്കാരെന്ന് തോന്നിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനികളുടെ വാദം. കാഴ്ചക്കുറവുള്ളവർ കോൺടാക്ട് ലെൻസ് ധരിക്കണമെന്നും പ്രമുഖ കമ്പനികൾ നിർദ്ദേശം നൽകിയതോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായത്.

റിസപ്ഷനിസ്റ്റുകളായ സ്ത്രീകളോടും സൂപ്പർമാർക്കറ്റിലെ വനിതാ ജീവനക്കാരോടുമാണ് ആദ്യഘട്ടത്തിൽ കമ്പനികൾ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ നഴ്സുമാർ, ബ്യൂട്ടി ക്ലിനിക്കുകൾ, ഷോറൂമുകൾ എന്നിങ്ങനെ ആളുകവുമായി ഇടപഴകേണ്ടി വരുന്ന എല്ലാ  വനിതകൾക്കുമായി ഈ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുകയായിരുന്നു.

കണ്ണട നിരോധനത്തിന് പുറമേ സ്ത്രീകൾ രണ്ട് ഇഞ്ച് ഉയരമുള്ള ചെരിപ്പുകൾ ധരിക്കണമെന്നും കമ്പനികൾ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ 'കുടൂ' ക്യാംപെയിൻ ജീവനക്കാർ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.