ഉടമയുടെ മടിയിൽ ഇരുന്ന് കുതിരയുടെ വിമാനയാത്ര; അമ്പരന്ന് യാത്രക്കാർ; വിഡിയോ

ഇൗ യാത്ര സമൂഹമാധ്യമങ്ങളിൽ സ്നേഹവും ചിരിയും നിറയ്ക്കുകയാണ്. ഒരു കുട്ടിക്കുതിരയുമായിട്ടാണ് ഇൗ യുവതി എത്തിയത്. യാത്രക്കാരും അധികൃതരും ആദ്യമൊന്ന് അമ്പരന്നെങ്കിലും ഇതിലെ കൗതുകം എല്ലാവർക്കും ഇഷ്ടമായി. ഇതോടെ  കുതിരക്കുട്ടിക്ക് ഇരിപ്പിടമൊരുക്കാൻ മുഴുവൻ വിമാനയാത്രക്കാരും അഡ്ജസ്റ്റ് ചെയ്തെങ്കിലും ഒരു ഘട്ടത്തിൽ ഉടമയായ സ്ത്രീയുടെ മടിയിലിരുന്ന് യാത്രചെയ്യാനാണ് കുതിരക്കുട്ടി താൽപര്യം കാട്ടിയത്.

ചിക്കാഗോയിൽ നിന്ന് ഒമാഹയിലേക്ക് യാത്രതിരിച്ച അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിലാണ് കൗതുകം നിറഞ്ഞ സംഭവങ്ങൾ നടന്നത്. കുതിരക്കുട്ടിയുമായി വിമാനയാത്രക്കിറങ്ങിയ സ്ത്രീയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സഹയാത്രികർ പകർത്തി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെ ഇൗ വിഡിയോ വൈറലായി. കുട്ടിക്കുതിരയെ സപ്പോർട്ടിങ് ആനിമൽ ആയി ഫ്ലൈറ്റിൽ കൊണ്ടുപോകാൻ കഴിയുമോ എന്നതായിരുന്നു മറ്റു ചിലരുടെ സംശയം.  എന്നാൽ പരിശീലനം ലഭിച്ച കുട്ടിക്കുതിരകളെ ആകാശയാത്രയിൽ ഒപ്പം കൂട്ടാൻ‍ കഴിയുമെന്നാണ് അമേരിക്കൻ എയർലൈൻസ് വെബ്സൈറ്റിൽ പറയുന്നത്.