ഇമ്രാൻ ഖാൻ അമേരിക്കയിൽ; സ്വീകരിക്കാൻ ഉന്നതരെത്തിയില്ല; മെട്രോയിൽ യാത്ര

നയതന്ത്ര ചർച്ചകൾക്കായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലെത്തി.  ഇമ്രാന്‍ ഖാനെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരാരും എത്തിയില്ലെന്ന് റിപ്പോർട്ട്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ വിമാനം ഒഴിവാക്കി ഖത്തർ എയർവെയ്സിലായിരുന്നു യാത്ര. 

ഇമ്രാൻ ഖാനെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരാരും ‌വിമാനത്താവളത്തിൽ എത്തിയില്ല. വിമാനത്താവളത്തിൽ നിന്ന് പാക്കിസ്ഥാൻ സ്ഥാനപതിയുടെ വീട്ടിലേക്ക് മെട്രോ മാർഗ്ഗമാണ് ഇമ്രാൻ പോയത്. 

ഇമ്രാൻ ഖാന് ഔദ്യോഗിക സ്വീകരണം നൽകാൻ, പാക്കിസ്ഥാൻ സർക്കാർ 2,50,000 ഡോളർ വാഗ്ദാനം ചെയ്തതായും അമേരിക്ക അത് നിരസിച്ചതായും അഭ്യൂഹമുണ്ട്.  ഔദ്യോഗിക സ്വീകരണം നൽകാത്തതിനലൂടെ അമേരിക്ക പാക്കിസ്ഥാനോടുള്ള നീരസവും അമർഷവും പ്രകടപ്പിക്കുകയായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വിമാനത്താവളത്തിലെത്തിയിരുന്നു. ‌

ത്രിദിന സന്ദർശനത്തിനായി എത്തിയ ഇമ്രാൻ ഖാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഐഎംഎഫ്, ലോകബാങ്ക് മേധാവികളുമായി ചർച്ച നടത്തും.