കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍; വൻപ്രതിഷേധം

കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യവുമായി ഹോങ്‌കോങ്ങില്‍ പ്രതിഷേധം ഉച്ചസ്ഥായിയില്‍. ഭരണാധികാരി കാരി ലാമിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് കഴിഞ്ഞദിവസം വിക്ടോറിയ ചത്വരം സാക്ഷ്യം വഹിച്ചത്. 

കറുത്ത വസ്ത്രമണിഞ്ഞ പ്രക്ഷോഭകര്‍ നഗരത്തിലെ ഒരു പാര്‍ക്കില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്കാണ് സര്‍ക്കാര്‍, ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന വിവാദ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് വീണ്ടും പ്രക്ഷോഭകര്‍ തെരുവില്‍ ഇറങ്ങിയത്. 1989ല്‍ ബെയ്ജിംഗിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പ്രകടനമാണ് നടന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് വിവാദമായ കൈമാറ്റബില്‍ മാറ്റിവെയ്ക്കുന്നതായി കഴിഞ്ഞദിവസം കാരി ലാം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബില്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ പുതിയ ആവശ്യം.

അതേസമയം, പ്രശ്നംകൈവിട്ടുപോകാതിരിക്കാന്‍ പൊലീസ് നടപടിയില്‍ മാപ്പപേക്ഷിക്കുന്നതായി കാരി ലാം അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. വരുംദിവസങ്ങളില്‍ രാജ്യത്തെ നഗരങ്ങളില്‍ പണിമുടക്കും പ്രക്ഷോഭകാരികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.