ശ്രീലങ്കയിലെ ഭീകരാക്രമണം; അഞ്ച് പേരുടെ വിവരങ്ങള്‍ ശ്രീലങ്കയ്ക്ക് കൈമാറി

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരുടെ വിവരങ്ങള്‍ എന്‍ഐഎ ശ്രീലങ്കയ്ക്ക് കൈമാറി. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കഴിഞ്ഞയാഴ്ച ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. 

ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് ശ്രീലങ്കന്‍ പൗരന്മാരുടെ വിവരങ്ങളാണ് എന്‍ഐഎ കൈമാറിയത്. ആക്രമണത്തില്‍ ചാവേറുകളായ ഇന്‍ഷാഫ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരുടെ ബന്ധുക്കളുമായി ഫോണിലൂടെ ബന്ധപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരങ്ങളും ഇതോടൊപ്പമുണ്ട്. ഇന്ത്യയില്‍ വേരുകളുണ്ടെന്ന് സംശയിക്കുന്ന ഐഎസ് ഘടകങ്ങള്‍ക്ക് കൊളംബോ ആക്രമണത്തിലുള്ള പങ്കിനെക്കുറിച്ച്  അന്വേഷിക്കാനായിരുന്നു സന്ദര്‍ശനം. സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ഐഎസുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ വിവരങ്ങളും കൈമാറി. അതെസമയം ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് സമ്മതിച്ച്  ശ്രീലങ്കന്‍‍ ഇന്റലിജന്‍സ് മേധാവി സിസിരാ മെന്‍ഡിസ് രാജിവച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയെ കുറ്റപ്പെടുത്തിക്കൊണ്ട് പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് മുന്‍പാകെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് രാജി. ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ വിവിധ പള്ളികളിലും ആഡംബരഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തില്‍ ഇരുന്നൂറ്റിയന്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.