മധ്യപൂര്‍വ ദേശത്താകെ യുദ്ധഭീതി പടര്‍ത്തി ഇറാനെതിരെ പടപ്പുറപ്പാടുമായി അമേരിക്ക

മധ്യപൂര്‍വദേശത്താകെ യുദ്ധഭീതിപടര്‍ത്തി ഇറാനെതിരെ പടപ്പുറപ്പാടുമായി അമേരിക്ക. ഗള്‍ഫ് യുദ്ധകാലത്തുള്‍പ്പെടെ ഉപയോഗിച്ച പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകള്‍ ഇറാന്‍ മേഖലയില്‍ വിന്യസിക്കാനും പടക്കപ്പലായ യു.എസ്.എസ് അര്‍ലിങ്ടണെ അയക്കാനും പെന്റഗണ്‍ തീരുമാനിച്ചു.  മധ്യപൂര്‍വേഷ്യയിലെ അമേരിക്കന്‍ സൈനികരെ ഇറാന്‍ ലക്ഷ്യംവയ്ക്കുന്നുവെന്നാരോപിച്ചാണ് നീക്കം. 

അമേരിക്ക നേതൃത്വംകൊടുത്ത് ചരിത്രത്തിലെ മുറിപ്പാടുകളായി മാറിയ യുദ്ധങ്ങളിലെല്ലാം ഉപയോഗിച്ച നിര്‍ണായക വജ്രായുധമാണ് പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകള്‍.  ഭൗമോപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്ത് വിടാവുന്ന പാട്രിയാറ്റ് ഉപയോഗിച്ച് ആകാശ ആക്രമണങ്ങളെയും ക്രൂയിസ്, ബാലസ്റ്റിക് മിസൈലുകളെയും തകര്‍ക്കാന്‍ സാധിക്കും. കുവൈത്ത് അധിവേശ കാലമായ 1990ലാണ് ആദ്യമായി പാട്രിയറ്റ് യുദ്ധമേഖലകളില്‍ വിന്യസിച്ചത്. അന്ന് മുതല്‍ നടത്തിയ പരീക്ഷണങ്ങളും ആക്രമണങ്ങളുമെല്ലാം വിജയകരമായിരുന്നു. ഇതാണ് മധ്യപൂര്‍വ എഷ്യയില്‍ യുദ്ധഭീതി പടര്‍ത്തായി വീണ്ടുമെത്തുന്നത്.

ഇതിനു പുറമെയാണ് സര്‍വസജ്ജമായ  പടക്കപ്പല്‍ യു.എസ്.എസ് അര്‍ലിങ്ടണ്ണും  ഇറാന്‍ തീരമേഖലയിലേക്ക് വരുന്നത്. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളും, പോര്‍വിമാനങ്ങളും വഹിച്ചുകൊണ്ടാണ് അര്‍ലിങ്ടണ്ണിന്റെ വരവ്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ ഇപ്പോള്‍ത്തന്നെ ഈ മേഖലയിലുണ്ട്. ഇറാനില്‍ നിന്ന് യു.എസ് സൈന്യത്തിനുനേരെ ഉയരുന്ന എത് തരത്തിലുള്ള ഭീഷണിയേയും അതിജീവിക്കാന്‍ സാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ഇത്രവലിയൊരു സേനവിഭാഗത്തെ അയക്കുന്നതെന്നാണ് പെന്റഗണ്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടേത് യുദ്ധത്തിനുള്ള മുറവിളിയെന്ന് ടെഹ്റാന്‍ തുറന്നടിച്ചു.