കയ്യില്‍ പ്ലേറ്റുമായി ബ്രേക്ക്ഫാസ്റ്റിന് വരിയിൽ; പൊടുന്നനെ ചാവേറായി പൊട്ടിത്തെറിച്ചു: നടന്നത്

ശ്രീലങ്കയിലെ സിനമൺ ഗ്രാൻഡ് ഹോട്ടൽ ആക്രമിച്ച ചാവേര്‍ ഒരുദിവസം മുൻപെ ഹോട്ടലിൽ മുറിയെടുത്തിരുന്നു എന്ന് റിപ്പോർട്ട്. ചുമലിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കളുമായി ഈസ്റ്റർ ദിനത്തിൽ ഹോട്ടൽ ക്രമീകരിച്ച പ്രഭാതഭക്ഷണത്തിനായി ഇയാള്‍ ക്യൂവിൽ നിന്നതായും ഹോട്ടൽ മാനേജർ പറഞ്ഞു. 

മുഹമ്മദ് ആസാം മുഹമ്മദ് എന്ന പേരിലാണ് ഇയാൾ തലേദിവസം ഹോട്ടലിൽ മുറിയെടുത്തത്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ വ്യാജ വിലാസം നൽകിയാണ് മുറിയെടുത്തത്. കയ്യിൽ പ്ലേറ്റുമായി പ്രഭാതഭക്ഷണത്തിനായി ഇയാൾ ക്യൂവിലുണ്ടായിരുന്നു. ഊഴമെത്തുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം. 

''എല്ലാ വർഷവും ഈസ്റ്റർ സമയത്താണ് ഹോട്ടലിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടാറ്. രാവിലെ 8.30യോടെയായിരുന്നു സംഭവം. ഹോട്ടലിലെ അതിഥികളിൽ ഭൂരിഭാഗവും കുടുംബങ്ങളായിരുന്നു. അതിലൊരാളായാണ് ചാവേറും എത്തിയത്. ഇയാളുടെ ശരീരാവശിഷ്ടങ്ങൾ ഹോട്ടലിൽ നിന്ന് കണ്ടെത്തിയിരുന്നു''-മാനേജർ പറഞ്ഞു. 

സ്ഫോടനത്തിന് പിന്നിൽ ജിഹാദി സംഘമെന്ന് ശ്രീലങ്ക. സ്ഫോടനം നടത്തിയത് നാഷണല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണ്. ചാവേറുകളായത് നാട്ടുകാരാണ്. മൂന്നുതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും, സുരക്ഷാ വീഴ്ചയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി രജിത സെനരത്‌നെ പറഞ്ഞു.

സ്ഫോടനപരമ്പരയില്‍ കര്‍ണാടകയില്‍ നിന്നുള്ള നാല്  ജെഡിഎസ് നേതാക്കളടക്കം ഏഴ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ജെഡിഎസ് സംഘത്തിലെ മൂന്നുപേരെക്കുറിച്ച് വിവരമില്ല. ഇന്നലെയുണ്ടായ സ്ഫോടനപരമ്പരയില്‍ ആകെ 290 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടത്തിയത് ഭീകരസംഘടനയായ  നാഷണല്‍ തൗഫീത്ത് ജമാത്ത് ആണെന്ന് സ്ഥിരീകരിച്ചു

ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന സംഘടനയില്‍പ്പെട്ടവരാണ് ഷാങ്ഗ്രി ലാ ഹോട്ടലില്‍ സ്ഫോടനം നടത്തിയ മൗലവി സെഹ്റാന്‍ ഹാഷിമും സിനമണ്‍ ഹോട്ടല്‍ ആക്രമിച്ച മൊഹമ്മദ് അസം മൊഹമ്മദും. തൗഹീദ് ജമാഅത്ത് അംഗങ്ങളാണ് കിങ്സ്ബറി ഹോട്ടലിലും മൂന്ന് പള്ളികളിലും മറ്റിടങ്ങളിലും സ്ഫോടനങ്ങള്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഷാങ്ഗ്രി ലാ ഹോട്ടലില്‍ താമസിച്ചിരുന്നവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ ഏറെയും. 

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് അവധി ആഘോഷിക്കാനെത്തിയ ജെഡിഎസ് നേതാക്കളുടെ സംഘത്തില്‍പ്പെട്ട കെ.ജി.ഹനുമന്തരായപ്പ, എം.രംഗപ്പ എന്നിവരടക്കം ആറുപേരുടെ മരണം സ്ഥിരീകരിച്ചു. ശിവണ്ണ, പുട്ടരാജു, മാരെഗൗഡ, രമേഷ്, ലക്ഷ്മിനാരായണ ഗൗഡ എന്നിവരെക്കുറിച്ച് വിവരമില്ല. ഇവരെ കണ്ടെത്താന്‍ തീവ്രശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. എട്ടിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. പരുക്കേറ്റ അഞ്ഞൂറിലധികം പേര്‍ ചികില്‍സയിലുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. ഹോട്ടലുകളില്‍ സ്ഫോടകവസ്തു എത്തിച്ച വാഹനത്തിന്റെ ഡ്രൈവറും കസ്റ്റഡിയിലുണ്ട്. കൊളംബോ വിമാനത്താവളത്തിനരികില്‍ രാത്രി ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അതീവജാഗ്രത തുടരുകയാണ്. തൗഹീദ് ജമാഅത്ത് സ്ഫോടനപരമ്പര നടത്താന്‍ ലക്ഷ്യമിടുന്നുവെന്ന് കൃത്യമായ ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിട്ടും സുരക്ഷാ ഏജന്‍സികള്‍ മുന്‍കരുതലെടുക്കാതിരുന്നത് ശ്രീലങ്കയില്‍ വന്‍ രാഷ്ട്രീയവിവാദത്തിനും വഴിയൊരുക്കി.