ഈ ചിരിക്കുന്ന മുഖങ്ങൾ അറിഞ്ഞിരുന്നില്ല ഇത് അവസാന സെൽഫിയാണെന്ന്

ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അവൾ കരുതിയിരുന്നില്ല ഇത് അവസാനത്തെ വിരുന്നിന്റെ ചിത്രമാകുമെന്ന്. ചിരിച്ചുകൊണ്ട് ഈസ്റ്റർ ദിനം ആഘോഷിക്കുന്ന നിസംഗ മയാദുനെ എന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെ അവസാന സെൽഫിയായിരുന്നു ഇത്. ഈ ചിത്രം ഫെയ്സ്ബുക്കിലിട്ട് അൽപ്പസമയങ്ങൾക്ക് ശേഷം ആക്രമണത്തിൽ എല്ലാവരും കൊല്ലപ്പെട്ടു. 

ശ്രീലങ്കയിൽ ഇന്നലെ നടന്ന ചാവേറാക്രമണത്തിന്റെ ഇരയായി ഈ പെൺകുട്ടിയും കുടുംബവും മാറി. ശ്രീലങ്കയില്‍ നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമായ ചാവേറാക്രമണങ്ങളില്‍ ഒന്ന് ഇവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഹോട്ടലിലായിരുന്നു നടന്നത്. ദുരന്തത്തിന്‍റെ ചിരിക്കുന്ന ഓര്‍മ്മയായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കണ്ണീരോടെയല്ലാതെ മറ്റ് കുടുംബാംഗങ്ങൾക്ക് ഈ ചിത്രം കാണാനാകുന്നില്ല. 

ഈസ്റ്റര്‍ ദിനത്തില്‍  ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ ഉള്‍പ്പെടെ വിവിധ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ എട്ടു സ്ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പെടെ 207 പേര്‍ കൊല്ലപ്പെട്ടു. പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെയാണ് സ്ഫോടനം.   നാന്നൂറ്റിയമ്പതു പേര്‍ക്ക് പരുക്കേറ്റു. ഇനിയും സ്ഫോടനങ്ങളുണ്ടാകാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് രാജ്യത്ത്   24 മണിക്കൂര്‍ അതീവജാഗ്രതയും കര്‍ഫ്യൂവും പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ വിദേശികളാണെന്നാണ് പ്രാഥമിക വിവരം. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു.