സക്കർബർഗിന്റെ പഴയ പോസ്റ്റുകൾ അപ്രത്യക്ഷം; നീക്കം തിരിച്ചടി ഭയന്നോ?

ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന്റെ പഴയ പോസ്റ്റുകൾ അപ്രത്യക്ഷമായതിൽ നിഗൂഢതയെന്ന് ആരോപണം. സക്കർബർഗിന്റെ പബ്ലിക് പോസ്റ്റുകളാണ് പെട്ടെന്ന് കാണാതായത്. 2007നും 2008നും ഇടയിലുള്ള എല്ലാ പോസ്റ്റുകളും കാണാതായിട്ടുണ്ട്. അറിയാതെ ഡിലീറ്റ് ആയിപ്പോയി എന്നാണ് ഫെയ്സ്ബുക്ക് നൽകുന്ന വിശദീകരണമെങ്കിലും നിഗൂഢതയുണ്ടെന്നാണ് ചിലർ ആരോപിക്കുന്നത്. 

ഫെയ്സ്ബുക്കില്‍ ഒരിക്കൽ പോസ്റ്റ് ചെയ്തവ, ഉപയോക്താവ് ജിലീറ്റ് ചെയ്താൽ പോലും കമ്പനിയുടെ സെർവറുകളിൽ ഭദ്രമായിരിക്കുമെന്ന വർഷങ്ങളായുള്ള ആരോപണത്തിന് കമ്പനി മറുപടി പറഞ്ഞിട്ടുമില്ല. മുൻപ് നടത്തിയ പല പ്രസ്താവനകളും കമ്പനിയെക്കുറിച്ചുള്ള വാർത്തകളും ജനങ്ങള്‍ക്ക് ഒറ്റനോട്ടത്തിൽ കാണണമെന്നുള്ളത് കൊണ്ടാണ് ഇവ ബ്ലോഗിലും ന്യൂസ് റൂമിലും പ്രസിദ്ധീകരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഏതൊക്കെ പ്രസ്താവനകളാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നതെന്ന് വ്യക്തമല്ല. 

ഫെയ്‌സ്ബുക്കും ഗൂഗിളും പോലെയുള്ള കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും നിയമ നിര്‍മാതാക്കളുടെ ദേഷ്യത്തിനു പാത്രമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇതു സംഭവിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍ പ്രസ്താവനകള്‍ മാനിക്കണമെന്നും അവയ്ക്ക് താങ്കള്‍ സമാധാനം പറയണമെന്നും അധികാരികള്‍ പറയുന്ന കാലമാണ് വരുന്നതെന്ന തിരിച്ചറിവിലായിരിക്കാം പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നു ചിലര്‍ വിശ്വസിക്കുന്നു. അടുത്തുണ്ടായി വിവാദങ്ങള്‍ക്കു ശേഷം കമ്പനിയെ നിരീക്ഷണവിധേയമാക്കുകയായിരുന്നു അധികാരികള്‍.

2012ൽ ഇൻസ്റ്റഗ്രാം വാങ്ങിയപ്പോൾ നടത്തിയ പ്രതികരണങ്ങളുൾപ്പെടെ അപ്രത്യക്ഷമായവയില്‍ ഉൾപ്പെടുമെന്ന് കരുതപ്പെടുന്നു. ആ പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ ഇപ്പോൾ പ്രവര്‍ത്തന രഹിതമാണ്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ വളരെ നിര്‍ണ്ണായകമായ തെളിവുകളാണ് ഇതോടെ അപ്രത്യക്ഷമായിരിക്കുന്നത്.