സിറിയയിൽ ഐഎസിനെ നശിപ്പിച്ചെന്ന് അമേരിക്ക; ബാഗ്ദാദി എവിടെയെന്ന ചോദ്യം ബാക്കി

സിറിയയിൽ നിന്നും ഐസ്ഐഎസിനെ പൂർണ്ണമായും നശിപ്പിച്ചു എന്ന വാദവുമായി കഴിഞ്ഞ ദിവസം അമേരിക്ക എത്തിയിരുന്നു. ഇതേ തുടർന്ന് അമേരിക്കയുടെ സൈന്യത്തെ സിറിയയിൽ നിന്ന് തിരികെ വിളിക്കുകയും ചെയ്തു. സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്സും ജിഹാദി ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്ത വാർത്ത സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിലെ ബാഗ്‌ഹൗവിൽ നിന്നാണ് അവസാനത്തെ ജിഹാദിയേയും പിടിച്ചതെന്നാണ് വെളിപ്പെടുത്തൽ.

ഈ അവകാശവാദം ഉന്നയിക്കുമ്പോളും സിറിയയിലെ ജിഹാദികളുടെ തലവൻ അബുബക്കർ അൽ-ബാഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ സാധിച്ചില്ല എന്നാണ് പുതിയ വാർത്ത. ലോകം തേടുന്ന തീവ്രവാദികളിൽ ഒരാളാണ് ബാഗ്ദാദി. ചെകുത്താൻ എന്നാണ് ബാഗ്ദാദിയുടെ വിളിപ്പേര്. 

47 വയസുള്ള ബാഗ്ദാദിക്ക് മുൻപ് നടന്ന ആക്രമണങ്ങളിൽ പലതവണ പരുക്ക് പറ്റിയിട്ടുണ്ട്. ജീവനോടെ പിടിക്കാനുള്ള ശ്രമങ്ങൾ എല്ലാതവണയും പരാജയമായിരുന്നു. 25 മില്ല്യൺ ഡോളറാണ് അമേരിക്ക ഈ ഭീകരന്റെ തലയ്ക്കിട്ടിരിക്കുന്ന വില.

ബാഗ്ദാദിയുടെ ശക്തിയായി എപ്പോഴും കൂടെയുള്ളത് മൂന്നുപേരാണ്. സഹോദരൻ ജുമ, ഡ്രൈവറും ബോഡിഗാർഡുമായ അബ്ദുൾലത്തീഫ് അൽ-ജുബുറി, കൂട്ടുകാരൻ സൗദ്-അൽ-ഖുർദി. ഇവരെ മൂന്നുപേരെയും പിടികൂടിയിട്ടുണ്ട്. ഐസ്ഐഎസിന്റെ ഒളിത്താവളമായ ബാദിയ മരുഭൂമി ഇറാഖുമായി കിഴക്ക് അതിർത്തി പങ്കിടുന്നുണ്ട്. ഹോംസിലേക്കുള്ള വാതിൽ കൂടിയാണ് ഈ അതിർത്തി. ഇവിടെവെച്ചാണ് ബാഗ്ദാദിയുടെ മകനെ 2014ൽ റഷ്യ വധിച്ചത്. ബാഗ്ദാദി അവിടേക്ക് കടന്നതായി അമേരിക്ക സംശയിക്കുന്നു.

നിരവധി ലൈംഗിക അടിമകളെയും ബാഗ്ദാദിയുടെ താവളത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഐസ്ഐസിന്റെ വിനാശം ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വാഴ്ത്തിയത്. ബാഗ്ദാദിയെ കൂടി പിടിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക തുടങ്ങിക്കഴിഞ്ഞു.