കഴുകൻ കണ്ണുകളാൽ നോക്കിയാൽ അത് ചുഴുന്നെടുക്കുമന്ന് പാക് മന്ത്രി; പ്രകോപനം, രോഷം

ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിന് തെളിവില്ലെന്നും വിശ്വസനീയമായ തെളിവ് നല്‍കിയാല്‍ നടപടിയെടുക്കും എന്നുമായിരുന്നു പാക് പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ പ്രതികരിച്ചത്. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് രംഗത്തെത്തി. 

'ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാക്കിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും'- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു. അത്തരം ഒരു നീക്കമുണ്ടായാൽ ഞങ്ങൾ  വളയല്ല കൈകളിൽ ധരിക്കുന്നതെന്നു മനസ്സിലാക്കണം. പാകിസ്താന് നേരെ നീങ്ങിയാൽ പിന്നെ കിളി ചിലക്കില്ല, മണി മുഴങ്ങില്ല.  ഇസ്ലാമികരാഷ്ട്രത്തെ ലോകത്തെ മുസൽമാന്മാർ കാണുന്നത് അങ്ങനെയാണ്. 20 കോടി ജനം ഇമ്രാൻഖാന്  ഒപ്പമുണ്ട്– റാഷിദ് അഹമ്മദ് അവകാശവാദം ഉന്നയിച്ചു. 

കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പാകിസ്ഥാന്‍റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്‍റെ താൽപര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കശ്മീരില്‍ തോക്കെടുക്കുന്നവരെ തുടച്ചുനീക്കുമെന്ന്  ഭീകരര്‍ക്ക്  ഇന്ത്യൻ സൈന്യം അന്ത്യശാസനം നൽകിയിരുന്നു. ഇക്കാര്യത്തില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും സൈന്യം വ്യക്തമാക്കി. മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ പുല്‍വാമ ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യവും പാക് ചാരസംഘടനയായ െഎ.എസ്.െഎയുമാണെന്ന് കരസേന പറഞ്ഞു. 

ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ െതളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാക് സൈന്യത്തിന്‍റെ സന്താനമാണ് ജയ്ഷെ മുഹമ്മദ്. ആയുധംവച്ച് കീഴടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസാന അവസരമാണിത്. ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ല. ഒട്ടും ദയ കാണിക്കില്ല. കശ്മീരില്‍ ശക്തമായ തിരിച്ചടി തുടരുമെന്ന് വ്യക്തമാക്കി ഭീകരര്‍ക്ക് സൈന്യം അന്ത്യശാസനം നൽകുകയും ചെയ്തിട്ടുണ്ട്.