ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ എവിടെ? കിട്ടിയത് മൂന്ന് ഹെല്‍മറ്റുകൾ മാത്രം

മേഘാലയയിലെ കൽക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പതിനാറാം ദിവസവും പുറത്തെത്തിക്കാനാകാതെ രക്ഷാപ്രവർത്തകസംഘം. 320 അടി താഴ്ചയുള്ള ഖനിയിൽ നിന്ന് 15 തൊഴിലാളികളെയും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തൊഴിലാളികളുടേത് എന്ന് കരുതുന്ന മൂന്ന് ഹെൽമറ്റുകൾ മാത്രമാണ് ഇതുവരെ കിട്ടിയത്. 

ഡിസംബർ 13നാണ് ജയ്ന്തിയ ഹിൽസിലെ ഖനിയിൽ തൊഴിലാളികൾ കുടുങ്ങിപ്പോയത്. ഖനിയിൽ 70 അടിയിലേറെ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനം ദുർഘടമാക്കി. ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള അതിശക്തമായ പമ്പുകളും മുങ്ങൽ വിദഗ്ധരും ഖനിക്കരികിലേക്ക് എത്തുന്നതേയുള്ളൂ എന്നാണ് വിവരം. 

സംഭവം അറിഞ്ഞതുമുതൽ  രക്ഷാപ്രവർത്തനത്തിന് കാര്യമായ ഏകോപനമുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ടാഴ്ച പിന്നിട്ടപ്പോഴും പമ്പുകൾ അയയ്ക്കുന്നതിന് കേന്ദ്രസർക്കാർ മുൻകൈയ്യെടുത്തില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 

ഖനിയിൽ ഏത് ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിപ്പോയതെന്ന് വ്യക്തതയില്ല. എല്ലാവരും ഇതിനകം മരിച്ചിട്ടുണ്ടാകാം എന്നാണ് ദേശീയ ദുരന്തനിവാരണസേനയുടെ നിഗമനം.