മേഘാലയയിൽ കോൺറാഡ് സാങ്മ; നാഗാലാന്‍ഡില്‍ നെഫ്യു റിയോ

മേഘാലയയില്‍ കോണ്‍റാഡ് സാങ്മയും നാഗാലന്‍ഡില്‍ നെഫ്യു റിയോയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗാലന്‍ഡിന് ആദ്യ വനിത മന്ത്രിയെയും ലഭിച്ചു. ഇരുസംസ്ഥാനങ്ങളിലെയും ബിജെപി സഖ്യസര്‍ക്കാരുകളുടെ അധികാരമേല്‍ക്കല്‍ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സാക്ഷിയായി. രണ്ടു സംസ്ഥാനങ്ങളിലും രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വീതമുണ്ട്. 

നാഗാലന്‍ഡില്‍ എന്‍ഡിപിപി നേതാവ് നെഫ്യു റിയോ മുഖ്യമന്ത്രിയാകുന്നത് അഞ്ചാം തവണ. ഭരണ ചരിത്രത്തിലെ റെക്കോര്‍ഡ്. സലോട്യുനോ ക്രുസേ നാഗാലന്‍ഡിന്‍റെ ചരിത്രത്തിലെ ആദ്യ വനിതമന്ത്രിയായി. മേഘാലയയില്‍ 12 അംഗ മന്ത്രിസഭ. കോണ്‍റാഡ് സാങ്മയുടെ എന്‍പിപിക്ക് 8 ഉം യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപിക്കും ബിജെപിക്കും ഒാരോ മന്ത്രിസ്ഥാനവും. സര്‍ക്കാരിന് 45 എംഎല്‍എമാരുടെ പിന്തുണയുണ്ട്. നാഗാലന്‍ഡില്‍ എന്‍ഡിപിപി – ബിജെപി സഖ്യത്തിന് 37 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. സര്‍ക്കാരിന് മറ്റുപാര്‍ട്ടികളും നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തതോടെ പ്രതിപക്ഷമുണ്ടാവില്ലെന്ന് ഉറപ്പായി. നാഗാലന്‍ഡില്‍ 2015ലും 2021ലും സര്‍ക്കാരുകള്‍ക്ക് മുഴുവന്‍ കക്ഷികളുടെയും ഇടക്കാലപിന്തുണ ലഭിച്ചിരുന്നു. ആദ്യമായാണ് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ പ്രതിപക്ഷമില്ലാത്ത സര്‍ക്കാര്‍ രൂപീകരണം.