കാണാതായ ഇന്തൊനീഷ്യ വിമാനം കടലിനടിയിൽ തന്നെ; ബ്ലാക് ബോക്സ് കണ്ടെത്തി

ദിവസങ്ങളായി ലോകത്തെ ആശങ്കപ്പെടുത്തുന്ന കാണാതായ ഇന്തൊനീഷ്യ വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തി. പറന്നുയർന്നു കേവലം 13 മിനിറ്റുകൾക്കകം കടലിൽ തകർന്നു വീണ വിമാനത്തിന്‍റെ ബ്ലാക് ബോക്സ് കടലിനടിത്തട്ടിൽ നിന്നും അധികൃതർ കണ്ടെത്തി. 

വിമാനത്തിനായി ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ കടലിന്റെ അടിത്തട്ടിൽ നിന്നും ലഭിച്ച പിങ് സന്ദേശമാണ് ബ്ലാക് ബോക്സ് കണ്ടെത്താൻ സഹായിച്ചത്. മുങ്ങൽ വിദഗ്ധരുടെ സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് തിരച്ചിൽ തുടരാനായില്ല. പിന്നീട് നടത്തിയ ശ്രമമാണ് കടലിൽ നിന്നും ബ്ലാക് ബോക്സ് വീണ്ടെടുക്കാനായത്.  വിമാനത്തിന്‍റെ പ്രധാന ഭാഗത്തിന്‍റെ അവശിഷ്ടവും ഇതിനടുത്തായി അടിഞ്ഞിട്ടുണ്ടാകാമെന്നാണ് നിഗമനം.

ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഒരു വലിയ കപ്പൽ ഗതിമാറ്റി വിടേണ്ടിവന്നുവെന്നും മേഖലയിൽ എണ്ണ, വാതക പൈപ്പുകൾ ഉള്ളത് തിരച്ചലിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും തിരച്ചിൽ സംഘത്തിന്‍റെ തലവന്‍ വ്യക്തമാക്കി. വിമാനം തകർന്നു വീഴാനുള്ള യഥാർഥ കാരണം അറിയാൻ ബ്ലാക് ബോക്സ് സഹായിക്കും. ബ്ലാക് ബോക്സ് കണ്ടെത്തിയെങ്കിലും ഡേറ്റ ഡൗൺലോഡ് ചെയ്യാൻ തന്നെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലുമെടുക്കും. വിശദമായ പഠനത്തിന് ആറു മാസത്തോളം വേണ്ടിവരും. 

വിമാനത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ മൃതദേഹങ്ങൾ കുടുങ്ങി കിടക്കാനുള്ള സാധ്യത രക്ഷാ സംഘം തള്ളിക്കളയുന്നില്ല. പ്രധാനഭാഗം കണ്ടെത്താനായാൽ ക്രെയിൻ ഉപയോഗിച്ച് ഇത് ഉയർത്താനാണ് പദ്ധതി. അപകടത്തിനു പിന്നാലെ, ഇന്തൊനീഷ്യ ലയണ്‍ എയറിന്റെ ടെക്‌നിക്കല്‍ ഡയറക്ടറെ പുറത്താക്കി. പൈലറ്റുമാര്‍ പ്രശ്‌നം റിപ്പോര്‍ട്ടു ചെയ്ത ശേഷം അതു പരിശോധിച്ച് കുഴപ്പമില്ലെന്നു വിധിയെഴുതിയ എൻജിനീയറെയും ലയൺ എയർ പുറത്താക്കിയിട്ടുണ്ട്. ഇന്തൊനീഷ്യയുടെ ദേശീയ ട്രാന്‍സ്‌പോര്‍ട്ട് സെയ്ഫ്റ്റി ബോര്‍ഡിന്റെ ശുപാര്‍ശയിലാണ് ഇൗ നടപടികൾ.