നേട്ടങ്ങൾ ഊന്നിപ്പറഞ്ഞും ഡെമോക്രാറ്റുകളെ കടന്നാക്രമിച്ചും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

ഭരണ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞും ഡെമോക്രാറ്റുകളെ കടന്നാക്രമിച്ചും ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. പരമാവധി സംസ്ഥാനങ്ങളിൽ ഓടിയെത്താനാണ് പ്രസിഡന്റിന്റെ ശ്രമം. എന്നാൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ചിലരെങ്കിലും പ്രസിഡന്റിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുമില്ല. 

എല്ലാം 2016ലേതു പോലെ തന്നെ. . അതിർത്തികൾ തുറന്നിടാനുദ്ദേശിക്കുന്ന തീവ്ര സോഷ്യലിസ്റ്റുകളെ പരാജയപ്പെടുത്തണം. അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. പതിവു ശൈലിയിൽ പ്രസിഡന്റ് കത്തിക്കയറുമ്പോൾ മുദ്രാവാക്യം വിളികളോടെ ആരാധകർ ഏറ്റെടുക്കും. കൂടുതൻ അഭയാർഥികളെ സ്വീകരിക്കാനുള്ള നിയമനിർമാണമാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം തുടങ്ങി അതിശയോക്തി കലർന്ന പ്രയോഗങ്ങളുമുണ്ട് ഇടക്ക്. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്ന സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ പ്രചാരണങ്ങളേറെയും.നവാഡ, മിനെസോട്ട തുടങ്ങി നേരിയ വ്യത്യാസത്തിൽ കൈവിട്ടു പോയ സംസ്ഥാനങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തി. എന്നാൽ പ്രസിഡന്റിനോടുള്ള വിരോധം തങ്ങൾക്കെതിരായ വോട്ടായി മാറുമോയെന്ന് ഭയക്കുന്ന റിപ്പബ്ലിക്കൻമാരുമുണ്ട്. ഭരണനേട്ടങ്ങളെക്കാൾ ട്രംപിന്റെ വിവാദ നിലപാടുകൾ കൂടുതൽ ചർച്ചയായതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്കേർപ്പെടുത്തിയ വിലക്ക്, ഇറക്കുമതി തീരുവ വർധിപ്പിച്ചത്, കുട്ടികളെ പിടിച്ചെടുക്കൽ തുടങ്ങി നിഷ്പക്ഷ വോട്ടർമാരുടെ നെറ്റി ചുളിച്ച വിഷയങ്ങളിൽ വിശദീകരണം നൽകാൻ പാടുപെടുകയാണ് പല സ്ഥാനാർഥികളും .