അന്യഗ്രഹജീവികളുടെ സാന്നിധ്യമോ? ദുരൂഹതയേറുന്നു; കെട്ടിടം അടച്ച് യുഎസ്

അമേരിക്കയിലെ മെക്സിക്കോയിലുള്ള സൺസ്പോട്ട് സോളാർ ഒബ്സർവേറ്ററിയാണ് ഇപ്പോള്‍ ദുരൂഹതയുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റീസ് ഫോര്‍ റിസര്‍ച്ച് ഇന്‍ ആസ്‌ട്രോണമിയും (ഓറ) നാഷണൽ സയൻസ് പാർക്കും ചേർന്ന് ഇവിടുത്തെ തൊഴിലാളികളോട് കുറച്ചു ദിവസത്തേക്ക് ജോലിക്ക് വരണ്ട എന്ന് നിർദേശിക്കുകയായിരുന്നു. സെപ്റ്റംബർ ഏഴിനാണ് ഇവർ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഒബ്സർവേറ്ററിക്ക് സമീപം താമസിക്കുന്നവരോട് മാറി താമസിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയില്ല.

അതോടെ പല അഭ്യൂഹങ്ങളും പരക്കാൻ തുടങ്ങി. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഈ അടച്ചുപൂട്ടലിന് പിന്നിലെ കാരണമെന്നാണ് പലരും പറയുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഇപ്പോൾ എല്ലാവരോടും തിരികെ എത്താനും ഓറ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു അന്വേഷണം നടത്തേണ്ടത് ഉണ്ടായിരുന്നെന്നും കുറ്റവാളികൾ രക്ഷപെടാതിരിക്കാനാണ് ഒബ്സർവേറ്ററി അടച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതിനെ ശരി വയ്ക്കുന്ന തരത്തിൽ ഈ ദിവസങ്ങളിൽ ഇവിടെ എഫ്ബിഐ ഉദ്യോഗസ്ഥർ എത്തിയിരുന്നു. 

ഒബ്‌സര്‍വേറ്ററിയിലെ റിച്ചാര്‍ഡ് ബി എന്നറിയപ്പെടുന്ന വിഭാഗത്തിലുണ്ടായ മെര്‍ക്കുറി ചോര്‍ച്ചയാണ് ഇതിന് പിന്നിലെന്നാണ് നറ്റൊരുകൂട്ടർ പറയുന്നത്. ചോര്‍ച്ച ഉണ്ടായി എന്നു പറയപ്പെടുന്ന ടെലസ്‌കോപ്പ് കൈകാര്യം ചെയ്യുന്നവര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അന്യഗ്രഹ സാന്നിധ്യവും ഇവര്‍ തള്ളിക്കളയുന്നു. എന്തായാലും ഒബ്‌സര്‍വേറ്ററിയിലെ ദുരൂഹത കേട്ടറിഞ്ഞ് ഈ പ്രദേശത്തേക്ക്  ഒട്ടേറെ പേരാണ് എത്തുന്നത്.