ഭൂമിയിലെ വിവരങ്ങൾ അന്യഗ്രഹ ജീവികൾക്ക് കൈമാറും; നിർണായക നീക്കം; ആശങ്ക

അന്യഗ്രഹജീവികളെ കുറിച്ചുള്ള ആശങ്കകൾക്ക് വിരാമം ഇടുന്നതിനായി നിർണായക പരീക്ഷണങ്ങളുമായി നാസയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ. ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങിന്റെ വിലക്ക് മറികടന്ന് ഭൂമിയുടെ സ്ഥാനവും സൗരയൂഥത്തെ സംബന്ധിക്കുന്നതുമടക്കമുള്ള വിവരങ്ങൾ കൈമാറാനാണ് നീക്കം.  'ബീക്കണ്‍ ഇന്‍ ദ ഗാലക്സി' എന്നാണ് പദ്ധതിക്ക് നൽകിയ പേര്. നഗ്നരായ സ്ത്രീയുടെയും പുരുഷന്‍റെയും പിക്സലേറ്റഡ് ഡ്രോയിംഗ്, സൗരയൂഥം, ഡിഎന്‍എ. അരെസിബോ റേഡിയോ ടെലസ്കോപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിവരങ്ങള്‍ കൈമാറുന്നതിലൂടെ എഫ്എഎസ്ടി, എസ്ഇടിഐ പ്രോജക്ടുകള്‍ ഹോക്കിംഗിന്‍റെ ആശങ്കകള്‍ അവഗണിക്കുകയാണ്. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.

1974ലും ഇത്തരത്തില്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാന്‍ സന്ദേശം അയച്ചിരുന്നു.  2015-ൽ പ്രപഞ്ചത്തിലെ അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയം ലക്ഷ്യമിട്ട്  100 മില്യൺ ഡോളര്‍ ഫണ്ട് ചെയ്ത് നടത്തിയ ബ്രേക്ക്‌ത്രൂ ലിസന്‍ എന്ന ടെലസ്കോപ്പിന്‍റെ ലോഞ്ച് വേളയിൽ ഹോക്കിംഗ് ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. 'ചരിത്രം നോക്കിയാല്‍, അവരുടെ വീക്ഷണകോണിൽ മനുഷ്യരും ബുദ്ധിശക്തി കുറഞ്ഞ ജീവികളും തമ്മിലുള്ള സമ്പർക്കം പലപ്പോഴും വിനാശകരമായിരുന്നു', 'മനുഷ്യര്‍ ബാക്‌ടീരിയയെ കാണുന്നതുപോലെയാകാം അന്യഗ്രഹജീവികൾ മനുഷ്യരെ കാണുന്നത്' ഹോക്കിംഗ് അന്ന് പറഞ്ഞു. 

സന്ദേശം പ്രധാനമായും 0-ഉം 1-ഉം ചേർന്ന ഒരു ബൈനറി കോഡിലാണ് എഴുതിയിരിക്കുന്നത്. സന്ദേശത്തിൽ ഭൂമിയിലെ ജീവന്റെ ജൈവ രാസഘടനയെക്കുറിച്ചുള്ള വിവരങ്ങൾ, ഗ്ലോബുലര്‍ ക്ലസ്റ്ററുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്ഷീരപഥത്തിലെ സൗരയൂഥത്തിന്റെ സമയ-മുദ്ര പതിപ്പിച്ച സ്ഥാനം,  സൗരയൂഥത്തിന്‍റെയും ഭൂമിയുടെ ഉപരിതലത്തിന്‍റെയും ഡിജിറ്റൈസ്ഡ് ചിത്രീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 

'ഈ ബിഐടിജി സന്ദേശം  1974 ലെ അരെസിബോ സന്ദേശത്തിൽ നിന്നും 1999/2003ലെ കോസ്‌മിക് കോളിൽ നിന്നും വിപുലീകരിച്ചതും കൂടുതല്‍ ഗ്രാഫിക്കൽ വിവരങ്ങൾ അടങ്ങിയതുമാണ്. സംഖ്യകൾ, മൂലകങ്ങൾ, ഡിഎൻഎ, കര, സമുദ്രം, മനുഷ്യൻ മുതലായവയെ പ്രതിനിധീക്കുന്ന ചിത്രങ്ങളും പ്രത്യേക അക്ഷരമാലകളും ഒരു തലക്കെട്ടും അടിക്കുറിപ്പുമുള്ളതായി പഠനത്തിന്റെ സഹ-രചയിതാവും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുമായ മാത്യു ചോങ് വിശദീകരിച്ചു.

അന്യഗ്രഹജീവികളുമായി സമ്പർക്കം പുലർത്താനുള്ള ശ്രമങ്ങൾ 150 വർഷമായി പരാജയപ്പെട്ടെങ്കിലും, എക്സോപ്ലാനറ്റ് ഗ്ലീസ് 832 സി വാസയോഗ്യമാണെന്ന് കരുതപ്പെടുന്നു. 'ഒരു ദിവസം നമുക്ക് ഗ്ലീസ് 832 സി പോലെയുള്ള ഗ്രഹത്തിൽ നിന്ന് ഒരു സിഗ്നൽ ലഭിച്ചേക്കാം, പക്ഷേ മറുപടി നൽകുമ്പോള്‍ ജാഗ്രത പാലിക്കണം.'

ഹോക്കിംഗ് 2016 ലെ 'സ്റ്റീഫൻ ഹോക്കിങ്ങ്സ് ഫേവററ്റ് പ്ലേസസ്' എന്ന ഓൺലൈൻ ഡോക്യുമെന്ററി പരമ്പരയില്‍ മുന്നറിയിപ്പ് നൽകി. ചൈനയിൽ നിന്നും വടക്കൻ കാലിഫോർണിയയിൽ നിന്നും പുതിയ സന്ദേശം പ്രക്ഷേപണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.