മടിയിലിരുന്നും ഉമ്മവച്ചും ഒരു സിംഹം; ഞെട്ടി സഞ്ചാരികൾ, വിഡിയോ

സഞ്ചാരികളുടെ വാഹനത്തിലേക്ക് അതിക്രമിച്ചു കടന്ന സിംഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ ഞെട്ടിച്ച സംഭവമുണ്ടായത്. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് കൂറ്റൻ സിംഹം ചാടിക്കയറുകയായിരുന്നു.

തുടര്‍ന്ന് ഡ്രൈവറെ തള്ളി മാറ്റി സീറ്റില്‍ കയറി ഇരുന്നു. ഒടുവില്‍ പണിപ്പെട്ടാണ് സിംഹത്തിനെ വണ്ടിയില്‍ നിന്ന് ഇറക്കിയത്. എന്നാല്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയ സിംഹം പിന്നില്‍ ഇരുന്ന സഞ്ചാരികളെ കണ്ടയുടന്‍ ചാടി മടിയില്‍ കയറുകയും തുടര്‍ന്ന് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍ ഇരിപ്പുറപ്പിക്കുകയുമായിരുന്നു.

പിന്നീട് വാഹനത്തിന്റെ പിന്നിൽ ഇരുന്ന വനിതാ സഞ്ചാരികളെ ഉമ്മവയ്ക്കാനും മുട്ടിയുരുമ്മാനും തുടങ്ങി. ഇതോടെ സഞ്ചാരികൾ വാഹനത്തിൽ നിന്നും ചാടിയിറങ്ങി. ഒടുവില്‍ ആളില്ലാത്ത വാഹനത്തില്‍ ഒറ്റയ്ക്കായി എന്നറിഞ്ഞ സിംഹവും പുറത്തിറങ്ങി. സിംഹം പുറത്തിറങ്ങിയ ഉടന്‍ തന്നെ സഞ്ചാരികള്‍ വാഹനത്തില്‍ കയറുകയും വാഹനം നീങ്ങുകയും ചെയ്തു. ഇതു നോക്കി സിംഹം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.ഒരേസമയം ഭീതിയും എന്നാൽ കൗതുകവും തോന്നും സിംഹത്തിന്റെ ഈ പ്രവൃത്തികൾ കാണുമ്പോൾ.