കാറുകളും മേൽക്കൂരകളും പറന്നു; ജപ്പാൻ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്: വിഡിയോ

കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജപ്പാനില്‍ ഉണ്ടായിരിക്കുന്നത്. നിരവധി പേരുടെ മരണത്തിന് കാരണമായ ജെബി കൊടുങ്കാറ്റ് രാജ്യത്ത് കനത്ത നാശനഷ്ടവും വരുത്തി. പത്ത് പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തലുകൾ. മണിക്കൂറിൽ 208 മുതല്‍ 210 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റുവീശിയത്. 

ഷിക്കോക്കു ദ്വീപിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. രാജ്യത്തെ വൈദ്യുതി–വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. വിവിധ വാർത്താ ഏജൻസികൾ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കാറുകൾ തകരുകയും വീടുകളുടെ മേൽക്കൂരകൾ പറക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ഭീകരദൃശ്യങ്ങളാണ് ഇത്. കൂറ്റൻ വാഹനങ്ങൾ വരെയാണ് കാറ്റിന്റെ ശക്തിയിൽ പറക്കുന്നത്. നിരവധി കാറുകൾ കത്തി നശിക്കുന്നതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.