പ്രണയമാണ് ചൊവ്വയോട്

ഭൂമിയിലെ ബഹിരാകാശപ്രിയര്‍ക്ക് പ്രണയമാണ് ചൊവ്വയോട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചുവന്ന ഗ്രഹത്തെ എന്നെങ്കിലും മാറി താമസിക്കാനുള്ള ഇടമായി മനസില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒടുവിലാണ് ബഹിരാകാശ ഗവേഷകര്‍ ചൊവ്വയില്‍ ജലതടാകം കണ്ടെത്തിയത്. ഗ്രഹത്തിലെ ജീവന്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇതോടെ വീണ്ടും സജീവമായി. കണ്ടെത്തലിന്റെ സാധുത ഉറപ്പിക്കാൻ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍

'ചക്രവാളത്തിലെ ചുവപ്പ് തുരുത്തിലേക്കുള്ള യാത്രയിലാണ് നമ്മള്‍, ഗവേഷകര്‍ മാത്രമല്ല. ഭൂമിയെ സാധാരണ മനുഷ്യരെല്ലാം ചൊവ്വയിലെത്തും. നമ്മുടെ കുട്ടികള്‍ ഭാവിയില്‍ ചൊവ്വയില്‍ വളരും" അമേരിക്കന്‍ എഴുത്തുകാരനും HOW WE WILL LIVE ON MARS എന്ന പുസ്തകത്തിന്റെ രചേയ്താവുമായ സ്റ്റീഫന്‍ പെട്രാനെക്കിന്റെ വാക്കുകളാണിത്. ഭൂമിക്കപ്പുറം ഒരു വാസസ്ഥലമായി മനുഷ്യന്‍ സ്വപ്നം കാണുന്നത് ചൊവ്വയെയാണ്.  മനുഷ്യനും ചൊവ്വയും തമ്മിലുള്ള ബന്ധത്തിന് ഏകദേശം മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ബഹിരാകാശത്തെ സ്നേഹിക്കുന്നവരെല്ലാം കൂടുതല്‍ സമയം കൊടുത്തിരിക്കുന്നത്. 

ഇതാണ് ഒടുവില്‍ ചൊവ്വയില്‍ ജലത്തിന്റെ സാനിധ്യം ഉണ്ടെന്ന നിര്‍ണായക കണ്ടുപിടുത്തങ്ങളിലേക്ക് മനുഷ്യനെ എത്തിച്ചിരിക്കുന്നത്.  ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ആസ്ട്രോ ഫിസിക്സിലെ പ്രഫ. റോബർട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലുകള്‍ക്ക് പിന്നില്‍.ചൊവ്വയിലെ ധ്രുവപ്രദേശത്തുള്ള ഉപരിതലത്തിന് ഒന്നര കിലോമീറ്റർ താഴ്ചയിൽ വെള്ളം നിറഞ്ഞ തടാകമുണ്ടെന്നതിനുള്ള തെളിവുകളും ചിത്രങ്ങളുമാണ് ഇവര്‍ക്ക് ലഭിച്ചത്.  ഗ്രഹത്തിന്റെ ദക്ഷിണധ്രുവത്തിലുള്ള മഞ്ഞുമൂടിയ മേഖലയ്ക്കു സമീപം താഴ്ചയിലാണ് 20 കിലോമീറ്റർ ചുറ്റളവുള്ള തടാകം സ്ഥിതിചെയ്യുന്നത്. ഇവിടെ കഠിനമായ തണുപ്പാണ് ഒപ്പം ഉപ്പിന്റെയും മറ്റു ലവണങ്ങളുടേയും സാനിധ്യവും. ജലം ദ്രാവകാവസ്ഥയില്‍ തന്നെ സ്ഥിതിചെയ്യുന്നതിന് ഇത് കാരണമാകുന്നു.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആദ്യ ചൊവ്വാ ദൗത്യം ഏറ്റെടുത്ത് 2003ല്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ച മാഴ്സ് എക്സ്പ്രസ് സ്പേസ്ക്രാഫ്റ്റാണ് ചൊവ്വാ ഗവേഷണത്തിലെ നാഴികകല്ലായ കണ്ടെത്തലുകളുടെ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചത്. ആറു വർഷമായി നടത്തിയ ഗവേഷണത്തിനൊടുവിലാണു കണ്ടെത്തൽ. ഗവേഷണഫലത്തെ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കില്ല തെറ്റാനുള്ള സാധ്യതകളും മുന്നില്‍ കാണുന്നു. 

നീരാവിയായും, ഹിമരൂപത്തിലുമൊക്കെ മുന്‍പും ജലസാനിധ്യം ചൊവ്വയിലുണ്ടെന്ന പല കണ്ടെത്തലുകളും മുന്‍പും പുറത്തുവന്നിരുന്നു. എന്നാല്‍ ആദ്യമായാണ് ദ്രാവകരൂപത്തില്‍തന്നെ ജലം ചൊവ്വയിലുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.  

ജലമുണ്ടെങ്കില്‍ സൂഷ്മജീവികളുടെ രൂപത്തില്‍ ജീവനുണ്ടാകുമെന്ന് ഗവേഷകര്‍ ഉറച്ചുവിശ്വസിക്കുന്നു. ജലസംഭരണികള്‍ ഉപരിതലത്തിനടിയിലാണ് തരംഗദൈര്‍ഘ്യം കൂടിയവികിരണങ്ങള്‍ക്ക് ഇവിടെ എത്താന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ജീവനുള്ള സാധ്യത ഏറുന്നു. പുതിയ കണ്ടുപിടുത്തങ്ങളോടെ ചുവന്ന ഗ്രഹം വീണ്ടും താരമായി. കൂടുതല്‍ രാജ്യങ്ങള്‍ ചൊവ്വ ഗവേണങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നു. 

ലോകപ്രശസ്തനായ അമേരിക്കൻ സംരംഭകൻ ഇലോൺ മസ്ക് ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.അമേരിക്കയടക്കം ചൊവ്വാഗവേഷണ രംഗത്ത് മുന്‍ നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അഭിമാനപ്രശ്നമാണ്. അറുപത് വര്‍ഷത്തെ നാസയുടെ ചരിത്രത്തില്‍ മനുഷ്യനെ ചന്ദ്രനിലെത്തിച്ചെങ്കിലും ചൊവ്വയിലേക്ക് എത്തിക്കാനായിട്ടില്ല. 2030തോടെ അത് സാധ്യമാക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത്.

എന്തായാലും ഭാവിയില്‍ മനുഷ്യന്‍ ഭൂമിവിട്ട് ചേക്കേറുന്ന ഇടമായി മാറാം ഈ ചുവന്നഗ്രഹം....